പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പോലീസെന്ന് കുമാരസ്വാമി; 'ആരെയും സംരക്ഷിക്കില്ല'

കുമാരസ്വാമി| Photo: pics4news
കുമാരസ്വാമി| Photo: pics4news

ബെംഗളൂരു: കര്‍ണാടകയില്‍ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക വീഡിയോ വിവാദത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിക്കുന്നതിനു പിന്നില്‍ പോലീസ് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ അന്വേഷണം നടത്തുന്നത് സിദ്ധരാമയ്യയുടെ അന്വേഷണ സംഘമാണെന്നും അദ്ദേഹം ആരോപിച്ചു. 

ഏപ്രില്‍ 21-ന് സംസ്ഥാനത്തുടനീളം ഒരു പെന്‍ഡ്രൈവ് പ്രചരിപ്പിക്കപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരാണ് ഇത് ചെയ്തത്. ബെംഗളൂരു റൂറല്‍, മാണ്ഡ്യ, ഹാസ്സന്‍ എന്നിവിടങ്ങളില്‍ മനഃപൂര്‍വം അവര്‍ പെന്‍ഡ്രൈവ് പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 22-ന് ഇതുസംബന്ധിച്ച് പ്രജ്വല്‍ രേവണ്ണയുടെ തിരഞ്ഞെടുപ്പ് ഏജന്റ് പൂര്‍ണചന്ദ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു, കുമാരസ്വാമി പറഞ്ഞു.

വീഡിയോയുടെ ഉള്ളടക്കത്തെ ഞാന്‍ ന്യായീകരിക്കുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകണം, കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കണം. ആരായാലും ഒരാളെയും സംരക്ഷിക്കുന്നതിനേക്കുറിച്ചുള്ള ചോദ്യംതന്നെ ഉയരുന്നില്ല. വീഡിയോകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരായ അന്വേഷണത്തില്‍ സുതാര്യത ആവശ്യമാണ്. പരാതി നല്‍കിയിട്ടും കുറ്റാരോപിതര്‍ക്കെതിരേ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും കുമാരസ്വാമി ആരോപിച്ചു.

ഇപ്പോള്‍ നടക്കുന്നത് പ്രത്യേക അന്വഷണ സംഘത്തിന്റെ അന്വേഷണമല്ല, സിദ്ധാരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും അന്വേഷണ സംഘത്തിന്റെ അന്വേഷണമാണ്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇതുവരെയായിട്ടും ഒരാള്‍ക്കെതിരേയും ഒരു നടപടിയും എടുത്തിട്ടില്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്കറിയാം, കുമാരസ്വാമി പറഞ്ഞു.
 

Content Highlights: HD Kumaraswamy criticises SIT probe into obscene videos case, prajwal revanna