ഡൽഹി വാക്സിനേഷൻ സ്പീഡ് കുറച്ചാൽ ക്ഷാമമുണ്ടാകില്ലെന്ന് ഖട്ടാർ; ജീവനാണ് സംരക്ഷിക്കേണ്ടത്- കെജ്‌രിവാൾ

മനോഹര്‍ ലാല്‍ ഘട്ടര്‍ | ഫോട്ടോ: മാതൃഭൂമി
മനോഹര്‍ ലാല്‍ ഘട്ടര്‍ | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: ഏതാനും ആഴ്ചകളായി ഡല്‍ഹിയില്‍ വാക്‌സിനുകളുടെ കുറവുണ്ടെന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രീയം കളിക്കുകയാണെന്നും വളരെ വേഗത്തില്‍ വാക്‌സിനേഷന്‍ നടത്തുന്നുവെന്നും ആരോപിച്ച് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍.

എന്നാല്‍ തന്റെ ലക്ഷ്യം ജീവന്‍ രക്ഷിക്കുകയാണെന്നും വാക്‌സിന്‍ സംരക്ഷിക്കുകയല്ലെന്നും കെജ്‌രിവാള്‍ ഇതിന് മറപടി നല്‍കി.

വാക്‌സിന്റെ കുറവ് കാരണം 18-44 വയസിനിടയിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചെന്നും വാക്‌സിനേഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടുകയാണെന്നും കെജ്‌രിവാള്‍ ഒരാഴ്ച മുമ്പ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരമാണ് ഖട്ടാറിന്റേത്.

തങ്ങള്‍ക്ക് ഡോസുകള്‍ ലഭിക്കാത്തതിനാല്‍ എല്ലാ വാക്‌സിനേഷന്‍ സെന്ററുകള്‍ അടച്ചിടുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞത് വെറും നാടകമായിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡല്‍ഹിക്ക് ലഭിക്കുന്ന വാക്‌സിന്‍ ഡോസുകളുടെ എണ്ണം വളരെ കൂടുതലാണ്.

 ദിവസം രണ്ടു ലക്ഷം ഡോസുകള്‍ നൽകേണ്ടതുണ്ടോ?, ഞങ്ങള്‍ ഒരു ദിവസം 50,000-60,000 ഡോസുകളാണ് ഉപയോഗിക്കുന്നത്. അരവിന്ദ് കെജ്‌രിവാള്‍ ഇത് കാണണം. രാഷ്ട്രീയം കളിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അദ്ദേഹം അത് ചെയ്യുന്നു. ഈ മഹാമാരി ഘട്ടത്തില്‍ ആരും രാഷ്ട്രീയം കളിക്കരുത്'.ഡല്‍ഹിയില്‍ വളരെ വേഗത്തില്‍ വാക്‌സിനേഷന്‍ നടത്തുന്നെന്നും ഖട്ടാര്‍ പറഞ്ഞു.

ഇതിനോട് കെജ്‌രിവാളിന്റെ മറുപടി ഇങ്ങനെയായിരുന്നു.' ഖട്ടാര്‍ സാഹെബ്, വാക്‌സിനുകള്‍ ഉപയോഗിച്ചാണ് നമുക്ക് ജീവന്‍ രക്ഷിക്കാന്‍ സാധിക്കുക. പ്രതിരോധ കുത്തിവെപ്പ് നടത്തിയാല്‍ കൂടുതല്‍ ആളുകള്‍ സുരക്ഷിതരാകും. വാക്‌സിനുകള്‍ സംരക്ഷിക്കുകയല്ല ജീവന്‍ രക്ഷിക്കുകയാണ് എന്റെ ലക്ഷ്യം' അദ്ദേഹം ട്വീറ്റ് ചെയ്തു.

Content Highlights: