'ഞാൻ വീണാൽ രക്ഷിക്കുമോ?' ഭർത്താവിനോട് ചോദിച്ചത് അറംപറ്റി; നാലാംനിലയില്‍നിന്ന് വീണ് യുവതി മരിച്ചു

അപകടം നടന്ന സ്ഥലത്തെ ദൃശ്യം, മരിച്ച പാര്‍വതി | Photo Courtesy: x.com/AddictedbyX
അപകടം നടന്ന സ്ഥലത്തെ ദൃശ്യം, മരിച്ച പാര്‍വതി | Photo Courtesy: x.com/AddictedbyX

ഗുരുഗ്രാം: അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാംനിലയിലെ ടെറസില്‍നിന്ന് വീണ് യുവതി മരിച്ചു. ഗുരുഗ്രാമില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിനി പാര്‍വതി(22)യാണ് മരിച്ചത്. നാലാംനിലയിലെ ടെറസില്‍നിന്ന് കാല്‍തെന്നിയാണ് യുവതി വീണതെന്നും ഭര്‍ത്താവ് കൈകളില്‍ പിടിച്ച് രക്ഷിക്കാന്‍ശ്രമിച്ചെങ്കിലും ഫലംകണ്ടില്ലെന്നും പോലീസ് പറഞ്ഞു. ജൂലായ് 15-ന് രാത്രിയിലായിരുന്നു ദാരുണമായ സംഭവം. 

ഭര്‍ത്താവ് ദുര്യോധനൊപ്പം(28) രണ്ടുവര്‍ഷം മുന്‍പാണ് പാര്‍വതി ഗുരുഗ്രാമില്‍ താമസം ആരംഭിച്ചത്. രണ്ടരവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഗുരുഗ്രാമിലെ വ്യത്യസ്ത സ്വകാര്യകമ്പനികളിലെ ജീവനക്കാരായിരുന്നു ഇരുവരും. 

ജൂലായ് 15-ന് രാത്രി കടുത്തചൂട് കാരണമാണ് ദമ്പതിമാര്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ നാലാംനിലയിലെ ടെറസിലെത്തിയത്. ഇതിനിടെ, യുവതി ടെറസിലെ പാരപ്പെറ്റില്‍ കയറിനിന്നതായി പറയുന്നു. പിന്നാലെ 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ' എന്ന് ഭര്‍ത്താവിനോട് തമാശയായി ചോദിക്കുകയുംചെയ്തു. തുടര്‍ന്ന് പാരപ്പെറ്റില്‍നിന്ന് താഴേക്കിറങ്ങുന്നതിനിടെയാണ് കാല്‍തെന്നി യുവതി വീണതെന്നും പോലീസ് പറഞ്ഞു. 

കാല്‍തെന്നി വീണതിന് പിന്നാലെ യുവതി അല്പനേരം പാരപ്പെറ്റില്‍ പിടിച്ചുനിന്നിരുന്നു. ഈസമയം ഭര്‍ത്താവ് ഓടിയെത്തി യുവതിയെ കൈപിടിച്ച് കയറ്റാന്‍ശ്രമിച്ചു. രക്ഷിക്കാനായി ബഹളംവെയ്ക്കുകയുംചെയ്തു. എന്നാല്‍, ആരും സമീപത്തുണ്ടായിരുന്നില്ല. ഏകദേശം രണ്ടുമിനിറ്റോളം യുവാവിന് ഭാര്യയെ പിടിച്ചുനിര്‍ത്താനായെങ്കിലും പിന്നീട് പിടിവിട്ട് യുവതി താഴേക്ക് വീണെന്നാണ് റിപ്പോര്‍ട്ട്. 

സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് തന്നെയാണ് പോലീസില്‍ വിളിച്ച് സഹായംതേടിയത്. തുടര്‍ന്ന് പോലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. 

യുവതിയുടെ മരണത്തില്‍ ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവിന്റെ മൊഴി ശരിവെയ്ക്കുന്നതാണ് സാഹചര്യത്തെളിവുകളെന്നും ഇദ്ദേഹത്തിന്റെ കൈകളിലും നെഞ്ചിലും ഭാര്യയെ രക്ഷിക്കാന്‍ശ്രമിക്കുന്നതിനിടെ പരിക്കേറ്റതിന്റെ പാടുകളുണ്ടെന്നും പോലീസ് പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് യുവാവ് സംഭവം വിവരിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

അതിനിടെ, ഭാര്യയുടെ വേര്‍പാടിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പാണ് ദുര്യോധന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'നീയാണ് എന്റെ ജീവന്‍. നീയാണ് എനിക്കെല്ലാം. ദയവായി തിരിച്ചുവരൂ. നിന്റെ ശബ്ദം കേള്‍ക്കാനും നിന്റെ സാന്നിധ്യത്തിനുമായി ഞാന്‍ കാത്തിരിക്കുകയാണ്'', അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

Content Highlights: A 22-year-old woman died after falling from a fourth-floor terrace in Gurugram