പുതിയ പാര്‍ട്ടി രൂപവത്കരിച്ച് പഞ്ചാബിലെ വ്യവസായികള്‍; കര്‍ഷക നേതാവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ഗുര്‍ണാം സിങ് ചാദുനി | ഫോട്ടോ: pti
ഗുര്‍ണാം സിങ് ചാദുനി | ഫോട്ടോ: pti

ലുധിയാന: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് പഞ്ചാബിലെ വ്യവസായികള്‍. ഭാരതീയ കിസാന്‍ യൂണിയന്‍ (ചാദുനി) നേതാവ് ഗുര്‍ണാം സിങ് ചാദുനിയെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. ഭാരതീയ ആര്‍തിക് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

ട്രേഡേഴ്‌സ്  അസോസിയേഷന്‍ നേതാവ് തരുണ്‍ ഭവയെ പാര്‍ട്ടിയുടെ സ്ഥാപക ദേശീയ പ്രസിഡന്റായും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതാവും പുതിയ പാര്‍ട്ടി. നിയമസഭയിലേക്കുള്ള 117 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ചാദുനി ലുധിയാനയില്‍ പറഞ്ഞു.  കര്‍ഷകരേയും വ്യാപാരികളേയും തൊഴിലാളികളേയും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് അവഗണിക്കുകയാണെന്നും ഇവര്‍ക്കുവേണ്ടിയാണ് പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഗുര്‍ണാം സിങ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സംയുക്ത കര്‍ഷക മോര്‍ച്ചയില്‍ നിന്നും ഏഴ് ദിവസത്തേക്ക്  ചാദുനിയെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സമരം കേന്ദ്രത്തിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെയാണെന്നും രാഷ്ട്രീയം തങ്ങളുടെ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 

content highlights: gurnam singh chaduni to contest in panjab assembly election 2022

Content Highlights: