ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടം; 15 കോർപ്പറേഷനുകളിലും ഭരണം നേടി

ഫയല്‍ചിത്രം | Photo: ANI
ഫയല്‍ചിത്രം | Photo: ANI

അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. സംസ്ഥാനത്തെ 15 കോർപ്പറേഷനുകളിലും ബിജെപി ഭരണം നേടിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ബിജെപി വൻ മുന്നേറ്റമാണ് നടത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, ജാംനഗർ തുടങ്ങിയ പ്രധാന മുനിസിപ്പൽ കോർപ്പറേഷനുകളിലെല്ലാം ബിജെപി ആധിപത്യം നേടി. സംസ്ഥാനത്തെ മുനിസിപ്പൽ കോർപ്പറേഷനുകളിൽ 1044 സീറ്റുകളിൽ 732 എണ്ണവും ബിജെപി സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് 65 സീറ്റുകളാണ് നേടാനായത്. ആംആദ്മി അടക്കമുള്ള മറ്റുപാർട്ടികൾ 11 സീറ്റുകളും നേടി.

ആകെ 192 സീറ്റുകളുള്ള അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 158 സീറ്റുകളിലും ബിജെപിക്കാണ് ജയം. സൂറത്ത് കോർപ്പറേഷനിൽ 115 സീറ്റ് നേടിയും രാജ്‌കോട്ട് കോർപ്പറേഷനിൽ 72-ൽ 65 സീറ്റ് നേടിയും ബിജെപി ഭരണത്തിലേറി. വഡോദരയിൽ 76-ൽ 69 സീറ്റുകൾ സ്വന്തമാക്കിയാണ് ബിജെപി ഭരണത്തിലേറുന്നത്. ഇതിനുപുറമേ ഭാവ്‌നഗർ, ഗാന്ധിധാം, ജാംനഗർ തുടങ്ങിയ കോർപ്പറേഷനുകളിലും ബിജെപി മിന്നുംജയം സ്വന്തമാക്കി.

സംസ്ഥാനത്തെ 84 മുനിസിപ്പാലിറ്റികളിലായി ആകെയുള്ള 2030 സീറ്റുകളിൽ 1688 സീറ്റും ബിജെപി നേടിയതായാണ് റിപ്പോർട്ട്. മുനിസിപ്പാലിറ്റികളിൽ കോൺഗ്രസിന് കിട്ടിയത് 389 സീറ്റുകളാണ്. മറ്റുപാർട്ടികളെല്ലാം ചേർന്ന് 138 സീറ്റുകളും നേടി.

34 ജില്ലാ പഞ്ചായത്തുകളിലായുള്ള 1090 സീറ്റുകളിൽ 503 സീറ്റുകൾ നേടിയാണ് ബിജെപി കരുത്തുകാട്ടിയത്. ജില്ലാ പഞ്ചായത്തുകളിൽ കോൺഗ്രസ് 68 സീറ്റുകളിലൊതുങ്ങി. താലൂക്ക് പഞ്ചായത്തുകളിലും മികച്ച വിജയമാണ് ബിജെപി നേടിയത്.

അതേസമയം, ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു ജില്ലാ പഞ്ചായത്തിലും അഞ്ച് താലൂക്ക് പഞ്ചായത്തുകളിലും ഭരണം നേടാനായെന്ന് ആംആദ്മി പാർട്ടി പറഞ്ഞു. ബിജെപിയുടെ ശക്തികേന്ദ്രമായ ദബോയ് മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് അട്ടിമറി ജയം നേടി. ബിജെപി എംഎൽഎ ശൈലേഷ് മെഹ്തയുടെ ശക്തികേന്ദ്രത്തിലാണ് കോൺഗ്രസ് അട്ടിമറി ജയം നേടിയത്. ബറൂച്ച് താലൂക്ക് പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഒരു വോട്ടിന് ജയിച്ചു. പലേജ് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായ മൊഹ്‌സിൻ പത്താൻ ആണ് ഒരൊറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയത്.

നടിയും ഗായികയുമായ നേഹ സുത്താർ വിജാപുർ താലൂക്ക് പഞ്ചായത്തിൽ വിജയിച്ചു. വിജാപുർ പഞ്ചായത്തിലെ ഫുദേഡ സീറ്റിലാണ് ബിജെപി സ്ഥാനാർഥിയായ നേഹ വിജയിച്ചത്. സാമൂഹികമാധ്യമങ്ങളിലെ താരവും ബിജെപി യുവനേതാവുമായ അങ്കിത പർമാറും തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നുംജയം നേടി. വഡോദര കോർപ്പറേഷനിലെ പോർ സീറ്റിലാണ് അങ്കിത ജയിച്ചത്.

Content Highlights: BJP won 13 out of 15 municipal corporations in Gujarat., BJP secured 732 out of 1044 seats in municipal corporations., Significant victories in Ahmedabad, Surat, Rajkot, and Vadodara., Congress and Aam Aadmi Party performance breakdown., Notable wins for celebrity candidates Neha Suthar and Ankita Parmar.