തെരുവ് കാളയ്ക്കുമേൽ ഇടിച്ച് അപകടം, റേഞ്ച് റോവർ തവിടുപൊടി; രണ്ടുപേർ തത്ക്ഷണം മരിച്ചു | വീഡിയോ

അഹമ്മദാബാദ്: ഗുജറാത്തിൽ റേഞ്ച് റോവർ ആഡംബരക്കാർ തെരുവുകാളയെ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. രാജ്‌കോട്ടിൽനിന്ന് രാജസ്ഥാനിലേക്ക് യാത്രചെയ്യുകയായിരുന്ന കാർ ഭാരത് മാല ഹൈവേയിൽ താരാദിന് സമീപത്താണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മൂന്നുപേരുണ്ടായിരുന്ന കാറിലെ രണ്ടുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാർ പൂർണമായും തകർന്ന് തരിപ്പണമായി.
താരാദ്-ദീസ ഹൈവേയിലെ മൽപൂരിന് സമീപം റോഡിലേക്ക് പെട്ടെന്ന് കയറിവന്ന ഒരു തെരുവുകാളയെ ഇടിക്കാതിരിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് വഴിവെച്ചത്. പെട്ടെന്ന് മുന്നിലെത്തിയ കാളയെ ഒഴിവാക്കാൻ ഡ്രൈവർക്ക് സമയം ലഭിച്ചില്ല. കാളയെ ഇടിച്ചശേഷം നിയന്ത്രണംവിട്ട വാഹനം ഹൈവേയിലെ ഡിവൈഡറിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റേഞ്ച് റോവർ ഡിസ്കവറി കാർ തകർന്നുതരിപ്പണമായി. വാഹനത്തിന്റെ ഭാഗങ്ങൾ റോഡിലാകെ ചിതറിത്തെറിച്ച് കിടക്കുകയായിരുന്നു.
അപകടം നടന്നയുടൻതന്നെ പ്രദേശവാസികൾ സംഭവസ്ഥലത്തെത്തുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു. എന്നാൽ, രണ്ടുപേർ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെ യാത്രക്കാരനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നു.