'നിങ്ങള്‍ ഉറങ്ങുകയാണോ? അതോ അന്ധരായോ?'; ഗുജറാത്ത് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ടി.പി.ആര്‍. ഗെയിമിങ് സോണിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി. സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലേയെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിയാതെ എങ്ങനെയാണ് സംസ്ഥാനത്ത് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നുംകോടതി ചോദിച്ചു. ഗുജറാത്തിലെ ബി.ജെ.പി. സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും കോടതി പറഞ്ഞു.
എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന കോടതിയുടെ ചോദ്യത്തിന്, 'തങ്ങളുടെ അറിവോടെയല്ല ഗെയിമിങ് സോണ്‍ പ്രവര്‍ത്തിച്ചിരുന്നത്' എന്നായിരുന്നു രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ മറുപടി. ഇതോടെയാണ് കോടതി രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിച്ചത്. 'നിങ്ങള്‍ അന്ധരായോ? അതോ നിങ്ങള്‍ ഉറങ്ങുകയാണോ? ഗുജറാത്തിലെ സര്‍ക്കാരിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമുള്ള വിശ്വാസം കോടതിക്ക് നഷ്ടമായിരിക്കുന്നു', കോടതി പറഞ്ഞു.
അഗ്നിസുരക്ഷാ സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് ടി.പി.ആര്‍. ഗെയിമിങ് സോണും സമാനമായ മറ്റൊരു ഗെയിമിങ് സോണും സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പാലിക്കേണ്ട ഒരു മാനദണ്ഡങ്ങളും ഈ രണ്ട് ഗെയിമിങ് സോണുകളും പാലിച്ചിരുന്നില്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. 2023 നവംബറിലാണ് രാജ്‌കോട്ടിലെ ഗെയിമിങ് സോണിന് പോലീസ് ലൈസന്‍സ് ല്‍കിയത്. 2024 ഡിസംബര്‍ വരെ ഈ ലൈസന്‍സ് പുതുക്കിക്കൊടുത്തിട്ടുള്ളതായും രാജ്‌കോട്ട് പോലീസ് കമ്മീഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു.
ലൈസന്‍സ് നല്‍കാനുള്ള പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഗെയിമിങ് സോണില്‍ എത്തിയതിന്റെ ഫോട്ടോ കൂടി കണ്ടതോടെ കോടതിയുടെ ഭാഷ അതിരൂക്ഷമായി. 'ആരൊക്കെയായിരുന്നു ഈ ഉദ്യോഗസ്ഥര്‍? അവരെന്താ അവിടെ ഗെയിം കളിക്കാനാണോ പോയത്?', കോടതി ചോദിച്ചു. അതേസമയം, അഹമ്മദാബാദിലും ഇത്തരത്തിലുള്ള രണ്ട് ഗെയിമിങ് സോണുകള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വ. മനീഷ ലവ് കുമാര്‍ ഷാ കോടതിയെ അറിയിച്ചു.
ഇത്തരത്തില്‍ കൃത്യമായ അനുമതിപത്രങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെപ്പറ്റിയും അന്വേഷിച്ച് അടുത്ത 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി പ്രത്യേക സംഘം രൂപവത്കരിച്ചതായും അഡ്വ. മനീഷ കോടതിയെ അറിയിച്ചു. അതേസമയം, നഗരത്തില്‍ ഇത്തരത്തിലെ 34 ഗെയിമിങ് സോണുകളാണുള്ളതെന്നും അതില്‍ ഷോപ്പിങ് മാളുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഗെയിമിങ് സോണുകള്‍ അഗ്നിസുരക്ഷാ വിഭാഗത്തിന്റെ അനുമതി പത്രം പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രാഥമികമായി വേണ്ടതാണ് അഗ്നിസുരക്ഷാ വിഭാഗത്തിന്റെ അനുമതിപത്രം. അതില്ലാതെ ഇത്തരം ഗെയിമിങ് സോണുകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. 'അപ്പോള്‍, ഈ നിയമങ്ങളൊന്നും രാജ്‌കോട്ടിന് ബാധകമായിരിക്കില്ല, അല്ലേ', എന്നാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്. സംഭവത്തില്‍ ഗെയിമിങ് സോണുകളുടെ ഉടമസ്ഥരായ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഗുജറാത്തില്‍ തീപ്പിടിത്തംമൂലം ഉണ്ടാകുന്ന ആദ്യത്തെ അപകടമല്ല രാജ്‌കോട്ടിലേതെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരം അപകടങ്ങള്‍ വീണ്ടും സംഭവിക്കാന്‍ കാരണമെന്നും കോടതി പറഞ്ഞു. ഇതിനുമുമ്പ് ഇത്തരത്തിലുള്ള അപകടങ്ങള്‍ നടന്നിട്ടുള്ളപ്പോഴൊക്കെ കോടതി ഇടപെട്ടിരുന്നു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും എടുക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ചുമൊക്കെ കോടതി അന്നും നിര്‍ദേശങ്ങള്‍ തന്നിരുന്നു. അവ നടപ്പിലാക്കിയിരുന്നെങ്കില്‍ രാജ്‌കോട്ടിലെ ദുരന്തം ഒഴിവാക്കാമായിരുന്നു. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പിടിപ്പുകേടുകാരണം ഗുജറാത്തില്‍ മനുഷ്യര്‍ മരിക്കേണ്ടിവരുകയാണ്, കോടതി പറഞ്ഞു.
Content Highlights: gujarat highcourt harshly critisises pm modis bjp led gujarat government in rajkot fire accident