തമിഴ്നാട്ടിലെ നിക്ഷേപപദ്ധതികൾ ചോർത്തി ആന്ധ്ര സർക്കാരിന് കൈമാറിയോ? 15 ഉദ്യോഗസ്ഥരെ പുറത്താക്കി വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലേക്ക് എത്തേണ്ട വൻകിട നിക്ഷേപ പദ്ധതികളുടെ രഹസ്യവിവരങ്ങൾ ആന്ധ്രപ്രദേശിലേക്ക് ചോർത്തി നൽകിയെന്ന ആരോപണത്തിന് പിന്നാലെ ഗൈഡൻസ് തമിഴ്നാടിലെ 15 ഉദ്യോഗസ്ഥരെ പുറത്താക്കി മുഖ്യമന്ത്രി ജോസഫ് വിജയ്. സംസ്ഥാന നിക്ഷേപ പ്രോത്സാഹന ഏജൻസിയാണ് 'ഗൈഡൻസ് തമിഴ്നാട്'.
തമിഴ്നാട് വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന 'ഗൈഡൻസ് തമിഴ്നാട്' വഴിയാണ് സംസ്ഥാനത്തേക്ക് കമ്പനികൾ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നത്. സർക്കാരും വിവിധ വ്യവസായ കമ്പനികളും തമ്മിൽ കൈമാറിയ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ആന്ധ്രപ്രദേശിലെ ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. തമിഴ്നാട്ടിൽ എത്തുമെന്ന് കരുതിയിരുന്ന ചില പദ്ധതികൾ ആന്ധ്രപ്രദേശിലേക്ക് മാറിയ സാഹചര്യത്തിലാണ് അന്വേഷണം നടന്നത്. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരിൽ മൂന്ന് പേർ നിലവിൽ ആന്ധ്രപ്രദേശ് സർക്കാരിൽ പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
പുറത്താക്കപ്പെട്ട ഭൂരിഭാഗം ഉദ്യോഗസ്ഥരും 2016-2021 കാലയളവിലെ അണ്ണാ ഡിഎംകെ ഭരണകാലത്ത് ചുമതലയേറ്റവരാണ്. തുടർന്ന് അധികാരത്തിൽ വന്ന ഡിഎംകെ സർക്കാർ നിക്ഷേപ പ്രോത്സാഹന മേഖലയിലെ പരിചയസമ്പത്ത് മുൻനിർത്തി ഇവരെ പദവിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു.
വിഷയത്തിൽ വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ വ്യവസായ മന്ത്രിയും ഡിഎംകെ നേതാവുമായ ടി.ആർ.ബി. രാജ രംഗത്തെത്തി. തമിഴ്നാട്ടിലെ വിദഗ്ധർ കെട്ടിപ്പടുത്ത ഒരു സ്ഥാപനത്തെ സോഷ്യൽ മീഡിയ കേന്ദ്രീകൃതമായ പക്വതയില്ലാത്ത രാഷ്ട്രീയം വഴി സർക്കാർ തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണരംഗത്തെ കഴിവുകേടും അരക്ഷിതാവസ്ഥയും മറച്ചുവെക്കാനാണ് മുൻ ഡിഎംകെ സർക്കാരിന്റെ മേൽ പഴിചാരാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാടിന്റെ ആരോപണങ്ങൾ ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ തെലുഗുദേശം പാർട്ടി തള്ളി. ആന്ധ്രയുടെ മികച്ച അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപക സൗഹൃദ നയങ്ങളും കണ്ടാണ് കമ്പനികൾ വരുന്നതെന്നും മറ്റ് സംസ്ഥാനങ്ങളുടെ നയങ്ങൾ ചോർത്തേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും ടിഡിപി സംസ്ഥാന പ്രസിഡന്റ് പല്ല ശ്രീനിവാസ റാവു വ്യക്തമാക്കി.
ചോർച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ടിവികെയോ മുഖ്യമന്ത്രി വിജയിയുടെ ഓഫീസോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
Content Highlights: 15 officials from Guidance Tamil Nadu dismissed by Chief Minister Joseph Vijay., Accused of leaking confidential investment details to Andhra Pradesh., Disputed projects were expected to come to Tamil Nadu but went to Andhra., Former Industry Minister TRB Rajaa criticized the government's action., TDP denied the allegations, citing Andhra Pradesh's pro-investor policies.