ജിഎസ്ടിയിൽ സുപ്രധാന മാറ്റങ്ങൾ; ഉദ്യോഗസ്ഥർക്ക് ഇനി അറസ്റ്റ് ചെയ്യാനാകില്ല, പ്രോസിക്യൂഷൻ നടപടികൾക്കുള്ള പരിധി 5 കോടിരൂപയാക്കി

ന്യൂഡൽഹി: ജി.എസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം പൂർണ്ണമായി എടുത്തുകളയാൻ തീരുമാനം. നികുതി എൻഫോഴ്സ്മെന്റ് രീതികളിൽ വൻ ഇളവുകളും നടപടിക്രമങ്ങളിൽ സുതാര്യതയും ലക്ഷ്യമിട്ട് ജിഎസ്ടി കൗൺസിലിന്റെ 57-ാമത് യോഗത്തിലാണ് സുപ്രധാന തീരുമാനം. ജിഎസ്ടി നിയമപ്രകാരം ഉദ്യോഗസ്ഥർക്കുള്ള അറസ്റ്റ് അധികാരങ്ങൾ എടുത്തുകളയാനും പ്രോസിക്യൂഷൻ നടപടികൾക്കുള്ള കുറഞ്ഞ പരിധി 1 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്താനും ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം ശുപാർശ ചെയ്തതായി ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.
ജിഎസ്ടി നിയമത്തിലെ കുറഞ്ഞ ശിക്ഷയെന്ന വ്യവസ്ഥ ഒഴിവാക്കിയതും സുപ്രധാനമാണ്. പിഴയോ തടവോ അല്ലെങ്കിൽ രണ്ടുമോ എന്നത് കേസിന്റെ സ്വഭാവമനുസരിച്ച് ഇനി കോടതികളുടെ വിവേചനാധികാരത്തിന് വിട്ടുനൽകാനാണ് തീരുമാനമായത്. പ്രത്യേക പിഴ വ്യവസ്ഥയില്ലാത്ത ജിഎസ്ടി ലംഘനങ്ങൾക്കുള്ള പിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറയ്ക്കുകയും ചെയ്തു.
റിട്ടേൺ വൈകുന്നതോ, തെറ്റുകൾ സംഭവിക്കുന്നതോ, കുടിശ്ശിക വരുത്തുന്നതോ ആയ നികുതിദായരിൽ നിന്ന് കുടിശ്ശിക തുകയും പലിശയും ആനുപാതിക പിഴയും മാത്രമായിരിക്കും ഇനിമുതൽ ഈടാക്കുക. വിൽക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും ഇൻവോയ്സുകൾ ഒത്തുനോക്കാനും വ്യാജ ക്രെഡിറ്റുകൾ കണ്ടെത്താനുമുള്ള സാങ്കേതിക ശേഷി ജിഎസ്ടി സിസ്റ്റം കൈവരിച്ചതാണ് ഈ ഇളവുകൾക്ക് കാരണമായത്.
ജിഎസ്ടി കൗൺസിൽ യോഗത്തിലെടുത്ത മറ്റ് നിർണായക തീരുമാനങ്ങൾ ഇവയാണ്:
- 10,000 രൂപയിൽ താഴെയുള്ള തുകകൾക്ക് ഇനി നോട്ടീസുകൾ അയയ്ക്കില്ല ,റിട്ടേണുകളിലെ വ്യത്യാസങ്ങൾ കാരണം പുറപ്പെടുവിക്കുന്ന നോട്ടീസുകളിൽ ഭൂരിഭാഗവും ഡാറ്റാ എൻട്രി തെറ്റുകൾ മാത്രമാണെന്നും ഇവയിലൂടെ ലഭിക്കുന്നത് 0.08% തുക മാത്രമാണെന്നും കൗൺസിൽ നിരീക്ഷിച്ചു.
- ശരിയായ ഇൻവോയ്സ് കൈവശമുള്ളവരും സാധനങ്ങൾ ലഭിക്കുകയും തുക പൂർണ്ണമായി നൽകി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവരെ സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥ സമിതി 3 മാസത്തിനകം പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
- റീഫണ്ട് അപേക്ഷകൾക്ക് അക്നോളഡ്ജ്മെന്റ് നൽകുന്നതിനുള്ള സമയപരിധി 15 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറച്ചു.
- അപകടസാധ്യത കുറഞ്ഞ 90% റീഫണ്ട് അപേക്ഷകൾക്കും ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ സിസ്റ്റം വഴി 3 പ്രവൃത്തിദിവസത്തിനുള്ളിൽ അനുമതി നൽകും.
- കാഷ് ലെഡ്ജറിലെ അധിക തുകയുടെ റീഫണ്ട് പൂർണ്ണമായും ഓട്ടോമാറ്റിക്കായി അക്കൗണ്ടിലെത്തും.
- അന്തർസംസ്ഥാന ചരക്കുവാഹനങ്ങൾ നിർത്തി പരിശോധിക്കുന്നത് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. ഇതിന് ജോയിന്റ് കമ്മീഷണറിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മുൻകൂർ അനുമതി വേണം.
- ചരക്ക് പുറപ്പെടുന്ന സംസ്ഥാനത്തും എത്തുന്ന സംസ്ഥാനത്തും മാത്രമേ പരിശോധന ഉണ്ടാകൂ. വഴിമധ്യേയുള്ള സംസ്ഥാനങ്ങൾക്ക് വാഹനം തടയാൻ അധികാരമുണ്ടാകില്ല.
- സ്ഥാപനത്തിന്റെ പേര്, ഡയറക്ടർമാർ, വിലാസം തുടങ്ങിയ പതിവ് തിരുത്തലുകൾക്ക് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സിസ്റ്റം വഴി ഓട്ടോമാറ്റിക്കായി അംഗീകാരം ലഭിക്കും.
Content Highlights: GST officials' arrest powers completely removed., Prosecution threshold increased from Rs 1 crore to Rs 5 crore., Minimum penalty for specific violations reduced from Rs 25,000 to Rs 10,000., Notices will not be sent for amounts below Rs 10,000., Automated refunds and streamlined interstate transit checks introduced.