സ്വര്‍ണക്കള്ളക്കടത്ത് കേസ്: കെടി റമീസിന്റെ കരുതല്‍ തടങ്കലിനെതിരേയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

Supreme Court| Photo:PTI|File
Supreme Court| Photo:PTI|File

ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി കെടി റമീസിന്റെ കരുതല്‍ തടങ്കലിനെതിരേ സഹോദരന്‍ കെടി റൈഷാദ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. റമീസ് ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കരുതല്‍ തടങ്കല്‍ നിയമവിരുദ്ധമാണെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.

തീവ്രവാദിയെന്ന് പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റസമ്മതം നടത്തിച്ചതെന്ന് റമീസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ മനോജ് ജോര്‍ജ് കോടതിയെ അറിയിച്ചു. യുഎഇയുമായുള്ള രാജ്യാന്തര ഉടമ്പടി പാലിക്കുന്നതിന്റെ ഭാഗമായാണ് കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായ അറ്റാഷെയ്‌ക്കെതിരേ നടപടി എടുക്കാത്തത്. നയതന്ത്ര പരിരക്ഷയുള്ള സഹകുറ്റവാളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ റമീസിനെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു 

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടയിലാണ് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ റമീസിനെ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കഴിഞ്ഞ നവംബറില്‍ ഉത്തരവിറങ്ങിയത്. ഇതിനെതിരേ റൈഷാദ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹേബിയസ് കോര്‍പസ് ഹര്‍ജി തള്ളിയിരുന്നു. കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചും, ഭീഷണപ്പെടുത്തിയും ലഭിച്ച കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പുറപ്പെടിവിച്ച കരുതല്‍ തടങ്കല്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റൈഷാദ് സുപ്രീം  കോടതിയെ സമീപിച്ചത്.

content highlights: gold smuggling case: supreme court rejects kt ramee's brother petition

Content Highlights: