പശുവിനെ കശാപ്പുചെയ്താല്‍ ഭൂകമ്പം; നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണം - പശുശാസ്ത്ര പരീക്ഷ സിലബസ്

ന്യൂഡൽഹി: രാഷ്ട്രീയ കാമധേനു ആയോഗ് ഫെബ്രുവരി 25ന് നടത്തുന്ന രാജ്യത്തെ ആദ്യ പശു ശാസ്ത്ര പരീക്ഷയുടെ സിലബസ് പുറത്തുവന്നു. നാടൻ പശുവിന്റെ പാലിൽ സ്വർണത്തിന്റെ അംശങ്ങളുണ്ടെന്നും പശുവിനെ കശാപ്പുചെയ്യുന്നത് കാരണമാണ് ഭുകമ്പം ഉണ്ടാകുന്നെന്നും സിലബസിൽ പറയുന്നു.
1984ൽ ഭോപ്പാലിലുണ്ടായ വിഷവാതക ദുരന്തത്തിൽ 20,000ത്തിലേറേ ആളുകൾ മരിച്ചു. എന്നാൽ ചാണകം മെഴുകിയ ചുമരുകളുള്ള വീടുകളിൽ താമസിച്ചവരെ വിഷവാതകം ബാധിച്ചില്ലെന്നും കാമധേനു ആയോഗ് തയ്യാറാക്കിയ പശു ശാസ്ത്ര പരീക്ഷ സിലബസിൽ അവകാശപ്പെടുന്നു.
നാടൻ പശുക്കൾ കരുത്തുള്ളവയും ബുദ്ധിശാലികളുമാണ്. അവ മലിനമായ സ്ഥലങ്ങളിൽ ഇരിക്കില്ല. അതേസമയം ജഴ്സി പശുക്കൾ അലസരും പെട്ടെന്ന് രോഗം പിടിപെടുന്നവയുമാണ്. ശുചിത്വമില്ലാത്തതിനാൽ ഇവയ്ക്ക് അണുബാധയുണ്ടാകുമെന്നും സിലബസിലുണ്ട്. അപരിചിതരായ ആരെങ്കിലും നാടൻ പശുവിന് സമീപത്തേക്ക് വന്നാൽ അവ പെട്ടെന്ന് ചാടിഎഴുന്നേൽക്കും. എന്നാൽ വിദേശ പശുക്കൾ വികാരങ്ങളൊന്നും പ്രകടിപ്പിക്കില്ലെന്നും സിലബസിൽ പറയുന്നു.
കാമധേനു ഗോ വിജ്ഞാൻ പ്രചാർ-പ്രസാർ എക്സാമിനേഷൻ എന്നാണ് പശുശാസ്ത്ര പരീക്ഷയുടെ പേര്. ഓൺലൈൻ വഴിയാണ് പരീക്ഷ നടക്കുക. പ്രൈമറി, സെക്കൻഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പരീക്ഷയിൽ പങ്കെടുക്കാം. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. പരീക്ഷയിൽ പാസാകുന്നവർക്ക് പശു വിദഗ്ധ സർട്ടിഫിക്കറ്റ് നൽകുമെന്നും അധികൃതർ പറഞ്ഞു.
content highlights:Gold in desi cow milk, earthquakes due to slaughter in syllabus for national cow exam
Content Highlights: