ഗോദ്രയിലെ മുസ്ലിം ഭൂരിപക്ഷ വാർഡിൽ സ്വതന്ത്രയ്ക്ക് വിജയം; നഗരസഭയിൽ ഭൂരിപക്ഷം നേടി ബിജെപി

അപേക്ഷ ബെൻ നൈനേഷ്ബായ് സോണി | Photo: x.com/HateDetectors
അപേക്ഷ ബെൻ നൈനേഷ്ബായ് സോണി | Photo: x.com/HateDetectors

ഗോദ്ര (ഗുജറാത്ത്): ഗുജറാത്തിലെ ഗോദ്ര മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ സ്വന്തന്ത്ര സ്ഥാനാർഥി നേടിയ വിജയം ശ്രദ്ധ നേടുന്നു. 2026 മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഏഴാം വാർഡിൽ നിന്നാണ് സ്വന്തന്ത്ര സ്ഥാനാർഥിയായ അപേക്ഷ ബെൻ നൈനേഷ്ബായ് സോണി മികച്ച വിജയം കൈവരിച്ചത്.

അപേക്ഷ ബെൻ വിജയിച്ച ഏഴാം വാർഡിലെ വോട്ടർമാരിൽ 97 ശതമാനവും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ തന്നെ അവർക്ക് ഈ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷം നേടാൻ സാധിച്ചു എന്നതാണ് ശ്രദ്ധേയമായ വസ്തുത. വിജയത്തിന് പിന്നാലെ മുസ്‌ലിം സമുദായംഗങ്ങൾ അപേക്ഷ ബെന്നിന്റെ പരേതനായ പിതാവിന്റെ ചിത്രം വഹിച്ചുകൊണ്ട് വിജയാഘോഷം നടത്തുകയും ചെയ്തു.

ജാതിക്കും മതത്തിനുമതീതമായി വികസന പ്രവർത്തനങ്ങൾക്കും വ്യക്തിപരമായ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന വോട്ടർമാരുടെ മാറുന്ന മനോഭാവമാണ് ഈ ഫലം സൂചിപ്പിക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

അതേസമയം, തിരഞ്ഞെടുപ്പിൽ ഗോദ്ര നഗരസഭയിൽ ആദ്യമായി ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. ആകെയുള്ള 44 സീറ്റുകളിൽ 27 എണ്ണവും ബിജെപി നേടിയപ്പോൾ ബാക്കിയുള്ള 17 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയം നേടി. കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയം നേടാനായില്ല.

Content Highlights: BJP achieves a historic clear majority in Godhra Municipality winning 27 out of 44 seats., Independent candidate Apekshaben Naineshbhai Soni wins in a 97% Muslim-majority ward., Congress party fails to secure any seats in the 2026 municipal election., The election results highlight a shift toward development-focused voting over communal lines.