തദ്ദേശത്തിൽ 10 സീറ്റ് കുറഞ്ഞെങ്കിലും ഗോവയിൽ വലിയ ഒറ്റക്കക്ഷിയായി BJP; ഇരട്ടിസീറ്റുകൾ നേടി കോൺഗ്രസ്

പനാജി: ഗോവയിലെ ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സീറ്റുകൾ കുറഞ്ഞെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. ആകെയുള്ള 50 സീറ്റുകളിൽ 23 സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കഴിഞ്ഞതവണ 33 സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് ഇത്തവണ പത്തുസീറ്റുകൾ കുറഞ്ഞു. ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ പ്രകാരം ബിജെപി-എംജിപി സഖ്യം ആകെ 30 സീറ്റുകൾ നേടി.
അതേസമയം, കോൺഗ്രസ് നില മെച്ചപ്പെടുത്തി. കഴിഞ്ഞതവണ നാലുസീറ്റുകൾ മാത്രമുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ ഒൻപതുസീറ്റുകളിൽ വിജയിച്ചു. ഇരുപാർട്ടികൾക്കുമൊപ്പം സഖ്യം ചേർന്ന് മത്സരിച്ച പ്രാദേശിക പാർട്ടികളാണ് മറ്റുസീറ്റുകളിൽ വിജയിച്ചത്.
നോർത്ത് ഗോവ, സൗത്ത് ഗോവ ജില്ലാ പരിഷത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നോർത്ത് ഗോവയിൽ 13 സീറ്റുകളിലും സൗത്ത് ഗോവയിൽ പത്ത് സീറ്റുകളിലും ബിജെപി വിജയിച്ചു. സൗത്ത് ഗോവയിൽ കോൺഗ്രസിന് എട്ടുസീറ്റുകളിൽ വിജയിക്കാനായി. എന്നാൽ, നോർത്ത് ഗോവയിൽ ഒരുസീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. ഗോവയിലെ ജില്ലാ പരിഷത്തിൽ ആംആദ്മി പാർട്ടിയും ആദ്യമായി അക്കൗണ്ട് തുറന്നു. കോൾവ സീറ്റിൽ മത്സരിച്ച അന്റോണിയ ഫെർണാണ്ടസിലൂടെയാണ് ആംആദ്മി ഗോവയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്നത്. റെവല്യൂഷണറി ഗോവൻസ് പാർട്ടിയും ഒരുസീറ്റിൽ വിജയിച്ചു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ്(72.6%) ഇത്തവണ ഗോവയിലെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. 50 ജില്ലാ പരിഷത്ത് സീറ്റുകളിലായി ആകെ 226 സ്ഥാനാർഥികൾ മത്സരിച്ചു. മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടി(എംജിപി)യുമായി സഖ്യം രൂപവത്കരിച്ചാണ് ബിജെപി മത്സരിച്ചത്. കോൺഗ്രസ് ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ പ്രകാരം ഗോവ ഫോർവേഡ് പാർട്ടിക്ക് ഒരുസീറ്റിലാണ് വിജയിക്കാനായത്.
Content Highlights: BJP emerges as the largest single party in Goa Zilla Parishad elections despite seat loss. Congress improves its performance. Details and results.