അസ്വസ്ഥരാണ് ജെൻ സി, അവർ തീരുമാനിക്കും 2029-ൽ ആര് ഭരിക്കണമെന്ന്; നിർണായക വോട്ട് ബാങ്കാകും

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര രാജിയിലേക്ക് നയിച്ച സിജെപി പ്രതിഷേധവും യുവജനങ്ങളുടെ രാഷ്ട്രീയ സ്വാധീനം വർധിക്കുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തൽ. യുവാക്കളുടെ എണ്ണം, ഡിജിറ്റൽ സ്വാധീനം എന്നിവ കണക്കിലെടുക്കുമ്പോൾ 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും ഇന്ത്യയിലെ നിർണായക വോട്ടുബാങ്കായി ജനറേഷൻ സി (18-32 വയസ്സ്) മാറും.
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്നാണ് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായത്. പരീക്ഷാ സംവിധാനത്തിലെ സുതാര്യത, സർക്കാരിന്റെ ഉത്തരവാദിത്വം, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ തുടങ്ങിയ വിഷയങ്ങൾ ദേശീയ രാഷ്ട്രീയ ചർച്ചയായി മാറി. സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം സംഘടിതരാകാൻ യുവാക്കൾക്കുള്ള കഴിവും ഈ പ്രക്ഷോഭം പ്രകടമാക്കിയിരുന്നു.
2029-ഓടെ 18 മുതൽ 32 വയസ്സുവരെയുള്ള ജെൻസി ജനസംഖ്യ ഏകദേശം 38 കോടി ആകുമെന്നാണ് എൻഡിടിവി റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിൽ 19.9 കോടി പുരുഷന്മാരും 18.1 കോടി സ്ത്രീകളും ഉൾപ്പെടും. നിലവിൽ ഏറ്റവുംവലിയ പ്രായപൂർത്തിയായ വിഭാഗമായ മില്ലേനിയൻസിനെ (35.7 കോടി) മറികടന്നായിരിക്കും ഈ മുന്നേറ്റം.
വിദ്യാർത്ഥികൾ, ആദ്യമായി വോട്ട് ചെയ്യുന്നവർ, തൊഴിൽരംഗത്തേക്ക് പ്രവേശിക്കുന്ന യുവാക്കൾ, യുവ കുടുംബങ്ങൾ എന്നിവരിൽ ഏറ്റവും വലിയ വിഭാഗമാകും ജെൻസി. അതിനാൽ തൊഴിൽ, വിദ്യാഭ്യാസം, ജീവിതച്ചെലവ്, ഭവന സൗകര്യം, കാലാവസ്ഥാ വ്യതിയാനം, ഭരണനിർവഹണം തുടങ്ങിയ വിഷയങ്ങൾ 2029 തിരഞ്ഞെടുപ്പിൽ കൂടുതൽ പ്രാധാന്യം നേടുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇന്ത്യയിലെ ജനസംഖ്യയുടെ പ്രായഘടന മാറുന്നതിനാൽ യുവ വോട്ടർമാരുടെ ആകെ ശതമാനം കുറയുന്ന പ്രവണതയാണ് കാണുന്നത്. 1988-ൽ വോട്ടർമാരുടെ 38.3 ശതമാനമായിരുന്നു 18-29 പ്രായമുള്ളവരെങ്കിൽ, 2024-ൽ അത് 30.1 ശതമാനമായി. 2029-ൽ ഇത് 27.8 ശതമാനമായി കുറയുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നിരുന്നാലും, എണ്ണത്തേക്കാൾ സ്വാധീനമാണ് ജെൻസിയെ നിർണായകമാക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
ഇതിനിടെ, 2029-ൽ വോട്ടവകാശമില്ലെങ്കിലും 41.7 കോടിയിലധികം ജനസംഖ്യയുമായി ‘ജനറേഷൻ ആൽഫ’ രാജ്യത്തെ ഏറ്റവും വലിയ തലമുറയായി മാറുമെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലെ പ്രായമായ ജനസംഖ്യയും വർധിച്ചുവരികയാണ്. 45 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ഉയരുമ്പോൾ കുട്ടികളുടെ എണ്ണം കുറയുന്ന പ്രവണതയാണ് തുടരുന്നത്.
രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം 2029-ലെ തിരഞ്ഞെടുപ്പിൽ ജെൻസിയുടെ പിന്തുണ നേടുക നിർണായകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നീറ്റ്-യുജി പ്രക്ഷോഭം ഒരു പരീക്ഷയെ ചൊല്ലിയുള്ള പ്രതിഷേധം മാത്രമായിരുന്നില്ലെന്നും, ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ തലമുറയുടെ സ്വാധീനം വ്യക്തമാക്കുന്ന നിർണായക സൂചനയാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Gen Z projected to reach 380 million by 2029., Youth digital mobilization is redefining political accountability., Key issues: Jobs, education, housing, and climate change., Shift in voter demographics despite a decline in overall youth voter percentage., Political parties must align with Gen Z priorities to secure electoral success.