സച്ചിന്‍ പൈലറ്റ് അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്താന്‍ ഗഹ്‌ലോത് ആവശ്യപ്പെട്ടെന്ന് മുന്‍ സഹായി

ന്യൂഡൽഹി: രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അദ്ദേഹത്തിനൊപ്പം സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) ലോകേഷ് ശർമ. 2020-ലെ പാർട്ടി പ്രതിസന്ധി കാലത്ത്, സച്ചിൻ ഉൾപ്പെടെയുള്ള വിമതരുടെ ഫോണുകള്‍ ചോര്‍ത്താന്‍ ഗഹ്‌ലോത് ആവശ്യപ്പെട്ടതായി ലോകേഷ് ആരോപിച്ചു.
പ്രതിസന്ധിക്കിടെ വിമതര്‍ കോൺഗ്രസ് ഹൈക്കമാൻഡനെ സമീപിച്ചേക്കുമെന്ന് ഘട്ടമെത്തിയപ്പോൾ ഗഹ്‌ലോത് സച്ചിൻ പൈലറ്റിന്റെയും കൂട്ടാളികളുടേയും ഫോൺ ചോർത്താൻ ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തൽ. ഗഹ്‌ലോത് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് പറയുന്നത് തെറ്റാണ്. ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ട ഡൽഹി ക്രൈംബ്രാഞ്ച് തന്നെ എട്ട്-ഒമ്പത് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും താൻ ഒന്നും പറഞ്ഞിരുന്നില്ല.
ഇവർക്കു പുറമെ, കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗജേന്ദ്ര ഷെഖാവത്ത്, കോൺഗ്രസ് നേതാവ് ഭൻവർലാൽ ശർമ, സഞ്ജയ് ജെയിൻ എന്നിവരുടെ റെക്കോഡിങുകൾ ഗഹലോത്ത് തനിക്ക് കൈമാറിയിരുന്നു. ഫോൺ റെക്കോഡിങ്ങുകൾ നൽകുകയും അവ മാധ്യമങ്ങളുമായി പങ്കിടാൻ തന്നോട് ആവശ്യപ്പെട്ടതായും ലോകേഷ് കൂട്ടിച്ചേർത്തു.
ഫോൺ റെക്കോഡിങ്ങുകളുമായി ബന്ധപ്പെട്ട ഷെഖാവത്തിന്റെ പരാതിയിന്മേൽ ഡൽഹി ക്രൈംബ്രാഞ്ച് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ലോകേഷ് ശർമയുടെ പേരുമുണ്ടായിരുന്നു. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളായിരുന്നു അന്ന് ലോകേഷിനെതിരെ ചുമത്തിയിരുന്നത്.
Content Highlights: Gehlot Ordered Phone Tapping Of Pilot