ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ; മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി

മുംബൈ: ബ്ലൂംബെർഗ് ശതകോടീശ്വരപട്ടികയിൽ റിലയൻസിന്റെ മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി അദാനി ഗ്രൂപ്പ് ഉടമ ഗൗതംഅദാനി. പുതിയ കണക്കുകൾപ്രകാരം 9260 കോടി ഡോളറിന്റെ ആസ്തിയുമായി (ഏകദേശം 8.59 ലക്ഷം കോടി രൂപ) ഗൗതം അദാനി 19-ാം സ്ഥാനത്താണ്. 9080 കോടി ഡോളറിന്റെ ആസ്തിയുള്ള (ഏകദേശം 8.42 ലക്ഷം കോടി രൂപ) മുകേഷ് അംബാനി ഇരുപതാം സ്ഥാനത്തും. പശ്ചിമേഷ്യാസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും കമ്പനികളുടെ ഓഹരിവിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് പട്ടികയിലെ ക്രമത്തിൽ മാറ്റമുണ്ടാക്കിയത്.
അദാനി ഗ്രൂപ്പിന്റെ പത്തുകമ്പനികളെ വിപണിയിൽ ലിസ്റ്റ്ചെയ്തിട്ടുണ്ട്. ഇതിൽ അദാനി എന്റർപ്രൈസസ് ഓഹരിവില അടുത്തദിവസങ്ങളിൽ മികച്ച മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ, എണ്ണവിപണിയിലെ അനിശ്ചിതത്വത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവില കുത്തനെ ഇടിഞ്ഞത് മുകേഷ് അംബാനിയുടെ ആസ്തിയിൽ പ്രതിഫലിച്ചിട്ടുണ്ട്.
പട്ടികയിൽ ഒന്നാമതുള്ള ടെസ്‌ല ഉടമ ഇലോൺ മസ്ക് ബഹുദൂരം മുന്നിലാണ്. 65,600 കോടി ഡോളറാണ് (60.84 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ഗൂഗിളിന്റെ ലാറി പേജ് ആണ് രണ്ടാമത്. 28,600 കോടി ഡോളറാണ് (26.52 ലക്ഷം കോടി രൂപ) ആണ് ആസ്തി. മൂന്നാമതുള്ള ആമസോണിന്റെ ജെഫ് ബിസോസ് 26,900 കോടി ഡോളറിന്റെ (24.95 ലക്ഷം കോടി രൂപ) ആസ്തിയുണ്ട്. ആദ്യ 50 പേരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് മുകേഷ് അംബാനിയും ഗൗതം അദാനിയുംമാത്രമാണുള്ളത്.
Content Highlights: Gautam Adani claims the top spot in Asia's wealth ranking for 2026., Adani's net worth stands at $92.6 billion compared to Ambani's $90.8 billion., Market volatility due to geopolitical tensions impacted Reliance share prices., Adani Enterprises shows strong market performance among listed group companies., Elon Musk remains the world's wealthiest individual in the 2026 index.