'പൂര്‍ണമായും യോജിക്കുന്നു', കങ്കണയെ പിന്തുണച്ച് നിര്‍ഭയയുടെ അമ്മ

Kangana Ranaut and Asha Devi. Photo: PTI| Mathrubhumi Archives
Kangana Ranaut and Asha Devi. Photo: PTI| Mathrubhumi Archives

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗിനെതിരെ ബോളിവുഡ് താരം കങ്കണ റണൗത്ത് നടത്തിയ പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. 

ഇന്ദിര ജയ്‌സിംഗിനെതിരെ പറയാനും തന്നെ പിന്തുണയ്ക്കാനും ആരെങ്കിലും ഉണ്ടെന്നുള്ളത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ആശദേവി പറഞ്ഞു. 

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന ഇന്ദിര ജയ്‌സിംഗിന്റെ പരാമര്‍ശത്തിനെതിരെയാണ് കങ്കണ രംഗത്തെത്തിയത്. ബലാത്സംഗം ചെയ്യുന്നവരോട് സഹതാപം കാണിക്കുന്ന ഇന്ദിര ജയ്സിങ്ങിനെപ്പോലുള്ള സ്ത്രീകളാണ് രക്ഷസന്മാരെ വളര്‍ത്തുന്നതെന്ന് കങ്കണ പറഞ്ഞിരുന്നു.

ഇന്ദിര ജയ്‌സിങിനെ നാല് ദിവസത്തേക്ക് ബലാത്സംഗികളോടൊപ്പം ജയിലില്‍ അടയ്ക്കണമെന്നും. അവര്‍ അത് അര്‍ഹിക്കുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. ബലാത്സംഗികളോട് സഹതാപം കാണിക്കുന്ന ഇവര്‍ ഏതുതരം സ്ത്രീയാണെന്ന് ചോദിച്ച കങ്കണ ഇത്തരം സ്ത്രീകളാണ് രാക്ഷസന്മാര്‍ക്ക് ജന്മം നല്‍കുന്നതെന്നും പറഞ്ഞിട്ടുണ്ടായിരുന്നു. 

കങ്കണ പറഞ്ഞതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നാണ് ആശാദേവി പ്രതികരിച്ചത്. പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് തന്റേയും ആഗ്രഹം. എങ്കില്‍ മാത്രമേ ഇത്തരം ക്രൂരകൃത്യങ്ങളെ ഭാവിയില്‍ തടയാന്‍ പറ്റൂവെന്നും ആശാദേവി അഭിപ്രായപ്പെട്ടു. 

Content Highlights: Fully agree with Kangana Ranaut says Delhi gang-rape victim’s mother Asha Devi

Content Highlights: