ഡല്‍ഹി ജഹാംഗീർപുരിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; പോലീസിന് നേരെ കല്ലേറ്

ഡല്‍ഹി ജഹാംഹീര്‍പുരിയിലെ സുരക്ഷാ വിന്യാസം |ഫോട്ടോ:PTI
ഡല്‍ഹി ജഹാംഹീര്‍പുരിയിലെ സുരക്ഷാ വിന്യാസം |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥയുണ്ടായ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ വീണ്ടും കല്ലേറ്. ഒളിവില്‍പോയ പ്രതികളെ കണ്ടെത്തുന്നതിനായി അവരുടെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിനുനേരെ കല്ലേറുണ്ടായത്.

ശനിയാഴ്ചത്തെ സംഘര്‍ഷത്തില്‍ വെടിയുതിര്‍ക്കുന്നത് ക്യാമറയില്‍ പതിഞ്ഞ സോനു ചിക്‌ന എന്നയാളെ തേടിയാണ് പോലീസ് എത്തിയത്. സംഘര്‍ഷത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാളുടെ സഹോദരന്‍ സാലിം ചിക്‌നയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോനു ചിക്‌നയെ തേടി ജഹാംഗീർപുരിയിലെ വീട്ടില്‍ പോലീസ് സംഘമെത്തി.

വീട്ടുകാരെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കളും അയല്‍വാസികളും പോലീസിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. ശനിയാഴ്ച നടന്ന സംഘര്‍ഷത്തിന് ശേഷം നിരവധി ആളുകള്‍ ഒളിവില്‍ പോയിട്ടുണ്ട്. എട്ട് പേരെ ഇന്ന് അറസ്റ്റ് ചെയ്തു. ശനിയാഴ്ചത്തെ സംഘര്‍ഷത്തിനുശേഷം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇന്ന് കല്ലേറുണ്ടായിരിക്കുന്നത്. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ഉന്നതഉദ്യോഗസ്ഥരടക്കം സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.

ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന ഇന്നു പറയുകയുണ്ടായി. രണ്ടു സമുദായത്തില്‍പ്പെട്ടവരും ഇതിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചില ആളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സമാധാനം തകര്‍ക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും അത് നിരീക്ഷിച്ചു വരികയാണെന്നും പോലീസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

Content Highlights: Fresh Tension In Delhi's Jahangirpuri, Stones Thrown At Cops