ബൈഡനെത്തില്ല, റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യ മാക്രോണിനെ ക്ഷണിച്ചെന്ന് റിപ്പോര്‍ട്ട്

Emmanuel Macron | Photo: Ludovic MARIN / POOL / AFP
Emmanuel Macron | Photo: Ludovic MARIN / POOL / AFP

ന്യൂഡല്‍ഹി: 2024 ജനുവരി 26 റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ക്ഷണിച്ചുരുന്നുവെങ്കിലും തിരക്കുകള്‍ കാരണം അദ്ദേഹത്തിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള ഫഞ്ച് പ്രസിഡന്റ് തന്നെ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയാകാന്‍ സാധ്യതയുണ്ടെന്നാണ് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഇക്കാലയളവിനിടെ തന്ത്രപരമായ പങ്കാളിത്തം ഫ്രാന്‍സും ഇന്ത്യയും തമ്മില്‍ വികസിപ്പിച്ചിരുന്നു. മാക്രോണിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതോടെ ന്യൂഡല്‍ഹിയും പാരിസും തമ്മിലുള്ള പങ്കാളിത്തം വീണ്ടും ശക്തമാകും. മനുഷ്യാവകാശം, ബഹിരാകാശം, പ്രതിരോധ മേഖല തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇന്ത്യയുമായി ഫ്രാന്‍സിന് പങ്കാളിത്തമുണ്ട്. നേവിക്ക് വേണ്ടി 26 റാഫേല്‍ മറൈന്ഡ ജെറ്റുകള്‍ വാങ്ങാനായി ഇന്ത്യ നല്‍കിയ 50,000 കോടിയുടെ ടെന്‍ഡറിന് ഈ ആഴ്ച ആദ്യം ഫ്രാന്‍സ് മറുപടി നല്‍കിയിരുന്നു.  

2016ല്‍  ഫ്രാൻസ്വ ഒലാദ്യുടെ സമയത്താണ്‌ ഒരു ഫ്രഞ്ച് പ്രസിഡന്റ് അവസാനമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തിയത്. 2023ന്റെ തുടക്കത്തില്‍ ഫ്രാന്‍സ് സന്ദര്‍ശിച്ച മോദി, ബാസ്റ്റില്‍ ഡേ പരേഡിലെ മുഖ്യാതിഥിയായിരുന്നു. 


 

Content Highlights: French president Macron invited as chief guest for republic day 2024