ബജറ്റിൽ അവഗണന; നിതി ആയോഗിന്റെ യോഗം ബഹിഷ്‌കരിക്കുമെന്ന് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍

എം.കെ സ്റ്റാലിനും സിദ്ധരാമയ്യയും, Photo:ANI
എം.കെ സ്റ്റാലിനും സിദ്ധരാമയ്യയും, Photo:ANI

ന്യൂഡല്‍ഹി: ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് ജൂലായ് 27-ന് നടക്കുന്ന നിതി ആയോഗിന്റെ യോഗം ബഹിഷ്‌കരിക്കാനൊരുങ്ങി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമാണ് യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു എന്നിവരാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍.

ബജറ്റ് വിവേചനപരമായതിനാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നിതി ആയോഗിന്റെ യോഗം ബഹിഷ്‌കരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. ബജറ്റ് അങ്ങേയറ്റം വിവേചനപരവും അപകടകരവുമാണ്. ഫെഡറിലസത്തിന്റെയും ഭരണഘടനയുടേയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നിതി ആയോഗിന്റെ യോഗം ബഹിഷ്‌കരിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു.  

കന്നഡിഗരെ കേട്ടെന്ന് തോന്നുന്നില്ലെന്നും അതിനാല്‍ നിതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അര്‍ഥമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ബജറ്റ് ജനവിരുദ്ധമാണ്. പാവപ്പെട്ടവരേയും പട്ടിക ജാതി- പട്ടിക വിഭാഗങ്ങളെയും പൂര്‍ണമായി അവഗണിച്ചു. ബജറ്റില്‍ കര്‍ഷകരോട് അനീതിയാണ് കാട്ടിയത്. സര്‍ക്കാരിനെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി, ആന്ധ്രയ്ക്കും ബിഹാറിനും പുറത്തേക്ക് പ്രധാനമന്ത്രി നോക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റില്‍ വലിയ ചതിയാണ് തമിഴ്‌നാട് നേരിട്ടതെന്നും തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ അവഗണിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു. 

അതേസമയം, ബജറ്റിൽ വിവേചനമില്ലെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ പറയുന്നത്. എല്ലാസംസ്ഥാനങ്ങൾക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ബിഹാറിനും ആന്ധ്രയ്ക്കും കോടികളനുവദിച്ചപ്പോൾ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഒന്നുമില്ലെന്ന ആരോപണം ശരിയല്ല. 230-ൽ താഴെ സീറ്റുലഭിച്ച പ്രതിപക്ഷത്തിന് ചോദ്യംചെയ്യാൻ അവകാശമില്ലെന്നും അവർ പ്രതികരിച്ചു.

ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്റില്‍ വലിയതോതിലുള്ള പ്രതിഷേധം നടത്തുന്നുണ്ട്. രാവിലെ 10.30-ന് പാര്‍ലമെന്റ് കവാടത്തില്‍നിന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Content Highlights: four chief ministers to skip niti aayog meeting