അസമിൽ വിഘടനവാദ സംഘടനയായ ഉള്‍ഫയുടെ മുൻ കമാൻഡറും മുൻ എഎപി പ്രസിഡന്റും ബിജെപിയിൽ

ന്യൂഡൽഹി: 2026 അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖരെ തട്ടകത്തിലെത്തിച്ച് ബിജെപി. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് അമ്പതോളം പേര് വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നു. വടക്കുകിഴക്കൻ മേഖലയിലെ വിഘടനവാദ സംഘടനയായ ഉൾഫയുടെ മുൻ കമാൻഡറും മുൻ എഎപി പ്രസിഡന്റും ഇക്കൂട്ടത്തിലുണ്ട്.
ഉള്‍ഫയുടെ മുന്‍ കമാന്‍ഡറായ മനോജ് രാഭയാണ് ബിജെപിയിലെത്തിയത്. ദൃഷ്ടി രാജ്ഖോവ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. സംസ്ഥാനത്തെ മുന്‍ എഎപി പ്രസിഡന്റ് മനോജ് ധനോവറും ബിജെപി പാളയത്തിലെത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എഎപി ടിക്കറ്റില്‍ മത്സരിച്ചയാളാണ് ധനോവര്‍. ഗുവാഹത്തിയിലെ പാര്‍ട്ടി ആസ്ഥാനമായ അടല്‍ ബിഹാരി വാജ്പേയി ഭവനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇവര്‍ അംഗത്വമെടുത്തത്.
1988-ലാണ് ദൃഷ്ടി രാജ്ഖോവ ഉൾഫയിൽ ചേരുന്നത്. മ്യാൻമാർ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇയാൾ ആയുധ പരിശീലനം നേടിയിരുന്നതായാണ് വിവരം. 2020-ൽ മേഘാലയയിൽ വെച്ച് സുരക്ഷാസേനയ്ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. 1990 മുതൽ തീവ്രവാദ സംഘടനയായി മുദ്രകുത്തി രാജ്യത്ത് നിരോധിച്ച സംഘനയായിരുന്നു ഉൾഫ.
പാർട്ടിയിൽ ചേർന്നവരിൽ ഭൂരിഭാഗവും കോൺഗ്രസിൽ നിന്നും മറ്റ് പ്രാദേശിക പാർട്ടികളിൽ നിന്നും വന്നവരാണെന്നും ഇവർ രാജ്യത്തെ സേവിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും അസം ബിജെപി അധ്യക്ഷൻ ദിലീപ് സൈക്കിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും നേതൃത്വത്തിൽ അസമിന്റെ സ്വത്വം സംരക്ഷിക്കപ്പെടണമെന്ന പൊതുകാഴ്ചപ്പാട് പങ്കുവെക്കുന്നവരാണിവർ. ജനങ്ങൾക്ക് സുരക്ഷിതത്വം അനുഭവപ്പെടണം, നമ്മുടെ ഭൂമിയും വിപണികളും നമ്മുടെ കൈകളിൽ തന്നെ നിലനിൽക്കണം. ഇന്ന് ഞങ്ങളോടൊപ്പം ചേർന്നവർ ജനങ്ങളെയും മാതൃരാജ്യത്തെയും സേവിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. - ദിലീപ് സൈക്കിയ പറഞ്ഞു.
Content Highlights: former ulfa leader aap Congress Leaders Join BJP In Assam