ആകാശത്ത് വെച്ച് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ ആര് രക്ഷിക്കും- സ്മിത് മച്ഛാറിന്റെ പഴയ വീഡിയോ വൈറൽ

#ന്യൂസ് ഡെസ്‌ക്
സ്മിത് മച്ചാര്‍ | Video grab image from Bona-Fide Banter podcast
സ്മിത് മച്ചാര്‍ | Video grab image from Bona-Fide Banter podcast

ന്യൂസ് ഡെസ്ക്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിൽ കോ-പൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് നടുക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡും ഇന്ത്യൻ വംശജനുമായ ക്യാപ്റ്റൻ സ്മിത് മച്ഛാർ ധീരമായി പോരാടിയാണ് വിമാനം തകർക്കാനുള്ള കോ-പൈലറ്റിന്റെ ശ്രമം തടഞ്ഞത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ സഹായത്തോടെ കോ-പൈലറ്റിനെ കീഴ്‌പ്പെടുത്തുകയും വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി അടിയന്തിര ലാൻഡിംഗ് നടത്തുകയും ചെയ്തു. ഒമാൻ പൗരനായ കോ പൈലറ്റിനെ തടയുന്നതിനിടെ സ്മിത് മച്ഛാറിന് കത്തികൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സ്മിത് മച്ഛാർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മച്ഛാറിന്റെ ധീരതയെ അഭിനന്ദിച്ചിരുന്നു.

വിമാനത്തിലുണ്ടായ നടുക്കുന്ന സംഭവത്തിന് പിന്നാലെ മച്ഛാറിന്റെ പഴയൊരു വീഡിയോയും ഇപ്പോൾ വൈറലാവുകയാണ്. ഒരുവർഷം മുമ്പ് സലക് മേത്തയുമായി നടത്തിയ 'ബോനാ-ഫൈഡ് ബാന്റർ' (Bona-Fide Banter) പോഡ്കാസ്റ്റിലെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 'ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ നിങ്ങളെ ആര് രക്ഷിക്കും?' എന്ന ചോദ്യമാണ് അദ്ദേഹം അന്ന് ഉന്നയിച്ചിരുന്നത്. അടിയന്തിര ഘട്ടങ്ങളിൽ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗങ്ങളുടെ പങ്ക് എത്രത്തോളം നിർണായകമാണെന്ന് അദ്ദേഹം ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആളുകൾ ക്രൂ അംഗങ്ങളോട് കാണിക്കുന്ന മനോഭാവം ഖേദകരമാണെന്നും എന്നാൽ കാര്യങ്ങൾ വഷളാകുമ്പോൾ ജീവൻ രക്ഷിക്കാൻ അവരുടെ സഹായം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പോഡ്കാസ്റ്റിൽ പറഞ്ഞിരുന്നു.

വിമാനത്തിനുള്ളിൽ കാര്യങ്ങൾ വഷളാകുമ്പോൾ ക്യാബിൻ ക്രൂ അംഗങ്ങളുടെ സേവനം എത്രത്തോളം അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവർ ശസ്ത്രക്രിയ നടത്താൻ പരിശീലനം ലഭിച്ചവരല്ലെങ്കിലും, അടിയന്തിര സുരക്ഷാ നടപടികളും പ്രഥമ ശുശ്രൂഷകളും നൽകി ആളുകളുടെ ജീവൻ രക്ഷിക്കാൻ പ്രാപ്തരാണെന്ന് അദ്ദേഹം പറയുന്നു. യാത്രക്കാരിൽ ഒരു ഡോക്ടർ ഉണ്ടെങ്കിൽ അത് അടിയന്തിര ഘട്ടങ്ങളിൽ വലിയ അനുഗ്രഹമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. വിമാനത്തിൽ ശ്വാസതടസ്സം നേരിടുകയോ പ്രസവം നടക്കുകയോ ചെയ്യുന്ന രീതിയിലുള്ള മെഡിക്കൽ എമർജൻസികൾ ഉണ്ടായാൽ, പരിഭ്രാന്തരാകാതെ ഏറ്റവും അടുത്തുള്ള എയർഫീൽഡിലേക്ക് വിമാനം തിരിച്ചുവിടുകയും ലാൻഡ് ചെയ്യുന്നതിന് മുമ്പ് തന്നെ താഴെ അടിയന്തിര വൈദ്യസഹായം ഉറപ്പാക്കുകയുമാണ് പൈലറ്റുമാർ ചെയ്യേണ്ടതെന്ന് സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വിവരിക്കുന്നു.

Content Highlights: Following the Flydubai flight incident, a podcast featuring Captain Smith Machar's insights on emergency situations and crew roles has gone viral.