ജാംനഗര്‍ വിമാനാപകടം; മരണം മുന്നില്‍ കണ്ടുകൊണ്ട് പൈലറ്റ് സുരക്ഷിതമാക്കിയത് ഒട്ടേറെ ജീവനുകള്‍

ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ പരീക്ഷണപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ട ഫ്‌ളൈറ്റ് ലഫ്റ്റ്‌നന്റ് സിദ്ധാര്‍ഥ് യാദവിന്റെ മനോധൈര്യവും നിശ്ചദാര്‍ഢ്യവും രക്ഷപ്പെടുത്തിയത് സഹപൈലറ്റിനെ മാത്രമല്ല ഒട്ടേറെ ഗ്രാമീണരുടെയും ജീവനുകളാണ്. ബുധനാഴ്ച രാത്രിയാണ് ഗുജറാത്തിലെ ജാംനഗറിന് സമീപം വ്യോമസേനയുടെ ജാഗ്വാര്‍ ഫൈറ്റര്‍ വിമാനം തകര്‍ന്നുവീണ് ഇരുപത്തിയെട്ടുകാരനായ ഫ്‌ളൈറ്റ് ലഫ്റ്റ്‌നന്റ് സിദ്ധാര്‍ഥ് യാദവ് കൊല്ലപ്പെട്ടത്. അതീവ ജനസാന്ദ്രതയുള്ള മേഖലയ്ക്കുമുകളിലൂടെ പറക്കുമ്പോഴായിരുന്നു സാങ്കേതികത്തകരാര്‍ മൂലം വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പൈലറ്റിന് മനസ്സിലായത്. സഹപൈലറ്റായ മനോജ് കുമാര്‍ സിങ് സുരക്ഷിതമായി ഇജക്ട് ചെയ്തു എന്നുറപ്പുവരുത്തിയതിനുശേഷം സിദ്ധാര്‍ഥ് വിമാനം ആളൊഴിഞ്ഞ പ്രദേശത്തേക്ക് തിരിച്ചുവിടുകയായിരുന്നു.
ജാംനഗറില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമപ്രദേശത്ത് തകര്‍ന്നുവീണ വിമാനത്തില്‍ നിന്നും തീയാളിപ്പടര്‍ന്ന് പൂര്‍ണമായും കത്തിയമരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റ് മനോജ്കുമാര്‍സിങ് ആശുപത്രിയില്‍ ചികിത്സയിലാണ്.
റെവാരി സ്വദേശിയായ സിദ്ധാര്‍ഥ് യാദവ് അവധിക്കുശേഷം തിരികെ ജോലിക്ക് പ്രവേശിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 2016-ല്‍ എന്‍ഡിഎ പരീക്ഷ പാസ്സായാണ് റെവാരിയിലെ ഭല്‍ഖി-മജ്ര ഗ്രാമത്തില്‍ നിന്നും സിദ്ധാര്‍ഥ് വ്യോമസേനയിലെത്തുന്നത്. രണ്ടു വര്‍ഷം മുമ്പ് ഫ്‌ളൈറ്റ് ലഫ്റ്റ്‌നന്റായി സ്ഥാനക്കയറ്റവും ലഭിച്ചു. നവംബര്‍ രണ്ടിന് വിവാഹം നടക്കാനിരിക്കേയാണ് ദുരന്തം സംഭവിച്ചത്.
സിദ്ധാര്‍ഥിന്റെ പിതാവ് സുശീല്‍യാദവ് മുന്‍വ്യോമസേനാ ഉദ്യോഗസ്ഥനാണ്. മരണം മുമ്പില്‍ കണ്ട നിമിഷത്തിലും തന്റെ മകന്‍ കാണിച്ച അര്‍പ്പണബോധത്തിലും സഹജീവനുകളുടെ കരുതലിലും അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥിന്റെ ഭാതികശരീരം റെവാലിയില്‍ എത്തിച്ചശേഷം പൂര്‍ണ സൈനിക ബഹുമതികളോടെ ജന്മഗ്രാമത്തില്‍ സംസ്‌കരിക്കും.
Content Highlights: flight lieutenant killed in jamnagar flight crash saved many life