ഭീകരർക്ക് വേണ്ടി ശ്രീലങ്കൻ വിമാനത്താവളത്തിൽ തിരച്ചിൽ; അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സേന

#മാതൃഭൂമി ന്യൂസ്
പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന സ്ഥലത്ത് സൈനികര്‍ ക്യാമ്പ് ചെയ്യുന്നു | Photo: AFP
പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന സ്ഥലത്ത് സൈനികര്‍ ക്യാമ്പ് ചെയ്യുന്നു | Photo: AFP

ചെന്നൈ: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർ ശ്രീലങ്കയിൽ എത്തി എന്ന സംശയത്തെ തുടർന്ന് ശ്രീലങ്കൻ എയർലെെൻസ് വിമാനത്തിൽ പരിശോധന നടത്തി. ചെന്നൈയിൽനിന്ന് കൊളംബോയിലെത്തിയ വിമാനത്തിലാണ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ശ്രീലങ്കൻ സുരക്ഷാ സേന അറിയിച്ചു. 

ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശ്രീലങ്കൻ പോലീസും ശ്രീലങ്കൻ വ്യോമസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്.  ശ്രീലങ്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

ചെന്നൈയിൽനിന്ന് ശനിയാഴ്ച ഉച്ചക്ക് 11.59-ന് കൊളംബോയിലെത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന ചിലർക്ക് വേണ്ടി ശ്രീലങ്കയിൽ പരിശോധന നടത്തിയെന്നാണ് റിപ്പോർട്ട്. ശ്രീലങ്കൻ എയർലൈൻസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. 

ചെന്നൈയിൽനിന്നും വന്ന യുഎൽ 122-ാം നമ്പർ വിമാനത്തിൽ പരിശോധന നടത്തുന്നത് ഇന്ത്യ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യയിൽ അന്വേഷണം നേരിടുന്ന പ്രതിക്ക് വേണ്ടിയാണ് വിമാനത്തിൽ പരിശോധന നടത്തുന്നതെന്നാണ് എയർലൈൻസ് ഔദ്യോഗികമായി അറിയിച്ചത്. 

പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ആറുപേർ വിമാനത്തിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights: Flight From Chennai Searched At Sri Lanka Airport for Pahalgam Terror Suspects