പാകിസ്താനില്‍ പോയപ്പോള്‍ സ്വന്തം നാട്ടിലെത്തിയതുപോലെ- കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും പിത്രോഡ

ന്യൂഡല്‍ഹി: വീണ്ടും രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തി കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനുമായ സാം പിത്രോഡ. അയല്‍പ്പക്കത്തെ രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍, തനിക്ക് അവിടം സ്വന്തംനാടുപോലെ തന്നെയാണ് അനുഭവപ്പെട്ടതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് വിവാദത്തിന് വഴിതെളിച്ചത്.
വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് നടത്തിയ അഭിമുഖത്തില്‍ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് സംസാരിക്കവേ ആയിരുന്നു പിത്രോഡയുടെ പരാമര്‍ശം. വിദേശനയത്തിന്റെ കാര്യത്തില്‍, എന്റെ അഭിപ്രായത്തില്‍ നാം നമ്മുടെ അയല്‍പ്പക്കത്ത് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. അയല്‍ക്കാരുമായുള്ള ബന്ധം ശരിക്കും മെച്ചപ്പെടുത്താന്‍ നമുക്ക് സാധിക്കുമോ?. ഞാന്‍ പാകിസ്താനില്‍ പോയിട്ടുണ്ട്. സ്വന്തം നാട്ടിലെന്ന പോലെയാണ് എനിക്ക് അവിടം അനുഭവപ്പെട്ടത്. ഞാന്‍ ബംഗ്ലാദേശില്‍ പോയിട്ടുണ്ട്. നേപ്പാളിലും പോയിട്ടുണ്ട്. എനിക്ക് സ്വന്തംനാട്ടിലെന്ന പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഒരു വിദേശരാജ്യത്താണുള്ളതെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടേയില്ല, എന്നായിരുന്നു സാം പിത്രോഡ പറഞ്ഞത്.
അതേസമയം സാം പിത്രോഡയുടെ പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പാകിസ്താനെതിരായ ഇന്ത്യയുടെ നിലപാടിനെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഇതാദ്യമായല്ല സാം പിത്രോദയുടെ വാക്കുകള്‍ വിവാദത്തിന് തിരികൊളുത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍, ചൈനയില്‍നിന്നുള്ള ഭീഷണി പലപ്പോഴും പെരുപ്പിച്ചു കാണിക്കുന്നതാണ് എന്ന പിത്രോദയുടെ വാക്കുകള്‍ വലിയ വിവാദമായിരുന്നു.
Content Highlights: felt like home in pakistan remark of congress leader sam pitroda