17 ദിവസം കാത്തിരുന്നു;തുരങ്കത്തില്‍ക്കുടുങ്ങിയ മകന്‍ തിരിച്ചെത്തുന്നതിന് തൊട്ടുമുമ്പ് പിതാവ് മരിച്ചു

തുരങ്കത്തില്‍നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളുമായി നീങ്ങുന്ന ആംബുലന്‍സുകള്‍ | ഫോട്ടോ:പി.ടി.ഐ.
തുരങ്കത്തില്‍നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളുമായി നീങ്ങുന്ന ആംബുലന്‍സുകള്‍ | ഫോട്ടോ:പി.ടി.ഐ.

റാഞ്ചി: സില്‍കാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെയും ഒരുപോറല്‍പോലും ഏല്‍ക്കാതെ പുറത്തെത്തിക്കാനായതിന്റെ ആശ്വസത്തിലാണ് രാജ്യം. എന്നാല്‍ ഈ സന്തോഷത്തിനിടയിലും ഝാര്‍ഖണ്ഡിലെ ഒരുഗ്രാമത്തില്‍നിന്നു പുറത്തെത്തുന്നത് അത്യന്തം ദുഃഖകരമായ ഒരു വാര്‍ത്തയാണ്. സില്‍കാരയിലെ അപകടത്തില്‍പ്പെട്ട ജാര്‍ഖണ്ഡുകാരനായ തൊഴിലാളി ഭക്തു മുര്‍മുവിന്റെ പിതാവ് ബാസേത്‌ മുര്‍മുവിന്റെ മരണവാര്‍ത്തയാണ് അത്. 

മകന്‍ തുരങ്കത്തില്‍നിന്നു പുറത്തെത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പായിരുന്നു ബാസേത്‌ മുര്‍മുവിന്റെ മരണം. തുരങ്കത്തില്‍ക്കുടുങ്ങിയ മകന്‍ മടങ്ങിവരുന്നത് കാണാനാകാതെയാണ് ആ പിതാവ് യാത്രയായത്. 29-കാരനായ മകന്റെ മടങ്ങിവരവിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയായിരുന്നു ബാസേത്‌. എന്നാല്‍  ഭക്തു മടങ്ങിയെത്തും മുന്‍പേ അദ്ദേഹം മരണത്തിന് കീഴടങ്ങിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

നവംബര്‍ 12- ദീപാവലിദിനത്തില്‍ സില്‍കാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊളിലാളികളില്‍ ഒരാളായിരുന്നു ഭക്തു. ദുരന്തമുണ്ടായതിനുശേഷം 17-ാം ദിവസം ചൊവ്വാഴ്ച രാത്രിയോടെയാണ് ഭക്തു അടക്കമുള്ള മുഴുവന്‍ തൊഴിലാളികളെയും ദൗത്യസംഘം സുരക്ഷിതമായി പുറത്തെത്തിച്ചത്. അന്നേദിവസം രാവിലെയോടെ ബാസേത്‌  ഹൃദയാഘാതംമൂലം മരിക്കുകയായിരുന്നു. മകന്‍ ജീവിതത്തിലേക്ക് തിരികെവരുന്ന അന്നുതന്നെയായിരുന്നു പിതാവിന്റെ വിടപറച്ചില്‍.

ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ബും ജില്ലയിലെ ബഹ്ദ ഗ്രാമത്തിലാണ് ബാസേത്‌  മുര്‍മുവും കുടുംബവുംതാമസിച്ചിരുന്നത്. മകന്‍ തുരങ്കത്തില്‍ അകപ്പെട്ടുവെന്ന വിവരം അറിഞ്ഞതുമുതല്‍ ബാസേത്‌ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ വരാതായതോടെ ഓരോ ദിവസം കഴിയുംതോറും ബാസേതിന്റെ ആരോഗ്യനില മോശമായെന്നും ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നുമാണ് ബന്ധുക്കള്‍ അറിയിക്കുന്നത്.

''നവംബര്‍ 12 മുതല്‍ അദ്ദേഹം മാനസികമായി തളര്‍ന്നിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു''- ബാസേതിന്റെ മരുമകന്‍ തക്കര്‍ ഹന്‍സ്ഡ പറഞ്ഞു. ഭക്തു മുര്‍മുവിന്റെ അമ്മ പിറ്റി മുര്‍മുവും സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും ബസതിന്റെ മരണവേളയില്‍ വീട്ടിലുണ്ടായിരുന്നു.

അതേസമയം, ബസതിന്റെ മരണത്തെക്കുറിച്ച് ആരും വിവരമറിയിച്ചില്ലെന്ന് ദുമാരിയ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.സായ്ബ സോറന്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകനില്‍നിന്നാണ് മരണവാര്‍ത്ത അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മാനസിക സമ്മര്‍ദ്ദം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് വഴിവെക്കും. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കും. എന്നാല്‍, കട്ടിലില്‍നിന്ന് താഴെ വീണുണ്ടായ മുറിവും മരണത്തിന് കാരണമായേക്കാം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ഇത് വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.

മരണംനടന്ന വീട്ടില്‍പോയി അന്വേഷിച്ചതായി ദുമാരിയ സര്‍ക്കിള്‍ ഓഫീസര്‍ ചഞ്ചലകുമാരിയും അറിയിച്ചു. രണ്ടുദിവസംമുമ്പ് ബസതിന്റെ വീട്ടില്‍ പോയിരുന്നതായും അന്ന് അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. 

Content Highlights: father dies hours before son’s rescue from Uttarkashi tunnel