ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പങ്കെടുത്ത വിവാഹ ചടങ്ങിൽ വെടിവെപ്പ്

#News Desk
ഫറൂഖ് അബ്ദുള്ള | Photo: ANI
ഫറൂഖ് അബ്ദുള്ള | Photo: ANI

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസിന്റെ അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ള പങ്കെടുത്ത വിവാഹ ചടങ്ങിൽ വെടിവെപ്പ്. ഫറൂഖ് അബ്ദുള്ളയോടൊപ്പം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ഉണ്ടായിരുന്നതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

ജമ്മുവിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഫറൂഖ് അബ്ദുള്ളയുടെ വാഹനത്തിന് നേരെ തോക്കുമായി എത്തിയയാൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ജമ്മു കശ്മീർ പോലീസ് അറിയിച്ചിരിക്കുന്നത്. ആക്രമണത്തിൽ ഇരുനേതാക്കൾക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ആക്രമണം നടത്തിയ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായാണ് പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. കമാൽ സിങ് ജംവാൾ എന്നയാളാണ് പിടിയിലായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് എന്ന പ്രദേശത്തെ വിവാഹ മണ്ഡപത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്. നാഷണൽ കോൺഫറൻസ് നേതാവായ ബി.എസ്.ചൗഹാന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. പ്രതി വേദിക്ക് പുറത്ത് കാത്തിരുന്നാണ് ആക്രമണം നടത്തിയത്.

ഫറൂഖ് അബ്ദുള്ളയുടെ മകനും കശ്മീർ മുഖ്യമന്ത്രിയുമായി ഒമർ അബ്ദുള്ള, ആക്രമണത്തെ അപലപിക്കുകയും പിതാവിന്റെ സുരക്ഷ സന്നാഹങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദൈവം കരുണയുള്ളവനാണ്. വലിയ അപകടത്തിൽ നിന്നാണ് പിതാവ് രക്ഷപ്പെട്ടതെന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചിരിക്കുന്നത്.

നിറതോക്കുമായി ഒരാൾക്ക് അദ്ദേഹത്തിന് നേരെ വെടിയുതിർക്കാൻ സാധിച്ചുവെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ഈ ആക്രമണത്തെ പ്രതിരോധിച്ചത്. ഇസഡ് പ്ലസ് എൻഎസ്ജി സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് എങ്ങനെ ഒരാൾക്ക് എത്താൻ കഴിഞ്ഞുവെന്നത് ചോദ്യമായി നിലനിൽക്കുകയാണെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.

Content Highlights: Former CM Farooq Abdullah and Deputy CM Surinder Choudhary were present at the event., No injuries reported following the shooting incident., Suspect Kamal Singh Jamwal has been arrested by Jammu police., Ongoing investigation into the motive behind the attack.