'സമരം തുടരും'; മാര്‍ച്ച് 10ന് രാജ്യവ്യാപക തീവണ്ടി തടയലിന് ആഹ്വാനം ചെയ്ത് കര്‍ഷകനേതാക്കള്‍

ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയില്‍ തങ്ങി സമരം തുടരുന്ന കര്‍ഷകര്‍ മാര്‍ച്ച് പത്തിന് രാജ്യവ്യാപകമായി 'റെയില്‍ രോക്കോ' (തീവണ്ടി തടയല്‍) സമരം നടത്തും. കര്‍ഷകനേതാക്കളായ സര്‍വാന്‍ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലേവാലുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. മാര്‍ച്ച് ആറിന് കര്‍ഷകര്‍ സമാധാനപരമായി ഡല്‍ഹിയിലേക്ക് നീങ്ങാനാരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം സമരമുറകള്‍ കടുപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രാക്ടര്‍ ട്രോളികളില്‍ എത്തിച്ചേരാനാകാത്ത ദൂരസംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ തീവണ്ടി മാര്‍ഗമോ മറ്റു ഗതാഗതസംവിധാനങ്ങളോ ഉപയോഗപ്പെടുത്തി ഡല്‍ഹിയിലെത്തിച്ചേരുമെന്നും നേതാക്കള്‍ പറഞ്ഞു. ട്രാക്ടറുകളില്‍ കര്‍ഷകരുടെ യാത്ര സര്‍ക്കാര്‍ അനുവദിക്കുമോ എന്നതിനെ ആശ്രയിച്ചാകും കര്‍ഷകരുടെ ഡല്‍ഹിയാത്ര തീരുമാനിക്കുക,കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും കര്‍ഷകര്‍ അറിയിച്ചു. തങ്ങളുടെ ഡല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ സര്‍ക്കാര്‍ എല്ലാ വിദ്യകളും പ്രയോഗിക്കുമെന്നും കര്‍ഷകനേതാവ് പാന്ഥര്‍ പറഞ്ഞു.
നിലവിലെ സമരത്തില്‍ രണ്ട് സംഘടനകള്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നും സമരം പഞ്ചാബില്‍ മാത്രം ഒതുങ്ങുന്നതാണെന്നുമുള്ള ധാരണയുളവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ രാജ്യത്തിലെ 200 ഓളം സംഘടനകള്‍ സമരത്തില്‍ പങ്കാളികളാണെന്നുള്ള വസ്തുത വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതോടെ സമരം ഒടുങ്ങുമെന്നുള്ള ധാരണ പരത്താനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തുന്നതായി കര്‍ഷകര്‍ ആരോപിച്ചു. "ഇന്നും നാളെയും ഞങ്ങള്‍ക്ക് സമരം ചെയ്യേണ്ടി വരും, പക്ഷെ ഞങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം തുടരും", നേതാക്കള്‍ പറഞ്ഞു.
Content Highlights: Farmers protest continues nationwide Rail Roko called on March 10