കർഷകരെ എതിരിടാൻ LRAD ഉപകരണങ്ങൾ, ഡ്രോണുകളിൽ കണ്ണീർവാതകം; കൂറ്റൻ പട്ടംപറത്തി നേരിട്ട് കര്‍ഷകർ | Video

ന്യൂഡല്‍ഹി: 'ഡല്‍ഹി ചലോ' മാര്‍ച്ചിനെ നേരിടാന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ക്കും കണ്ണീര്‍വാതക ഷെല്ലുകള്‍ക്കും പുറമെ ലോങ് റേഞ്ച് അക്വാസ്റ്റിക് ഡിവൈസ് (എല്‍ആര്‍എഡി) ആയുധങ്ങള്‍ കര്‍ഷകര്‍ക്കുനേരെ പോലീസ് ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ജനകൂട്ടത്തെ നിയന്ത്രിക്കാനാണ് ഉഗ്രശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഉപകരണങ്ങള്‍ പോലീസ് പ്രയോഗിക്കുന്നത്. പ്രതിഷേധക്കാരുടെ കേള്‍വിശക്തിയ്ക്ക് ഇത് തകരാര്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ജനകൂട്ടത്തെ നിയന്ത്രിക്കാനായി അമേരിക്കന്‍ ആര്‍മി വികസിപ്പിച്ചെടുത്തതാണ് എല്‍ആര്‍എഡി. 2013-ല്‍ ആണ് ഡല്‍ഹി പോലീസിന് ഇത്തരം ആയുധങ്ങള്‍ വാങ്ങിയത്.
അതേസമയം, പോലീസുമായുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ പഞ്ചാബ്- ഹരിയാന ശംഭു അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോകാനാണ് പ്രതിഷേധക്കാരുടെ ശ്രമം. യുവകര്‍ഷകരില്‍ ചിലര്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് വലിച്ചുനീക്കുന്നുമുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകഷെല്ലുകള്‍ പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമാകുകയാണ്. എന്നാല്‍ പോലീസിന്റെ പ്രതിരോധം കര്‍ഷകര്‍ തകര്‍ക്കുന്ന കാഴ്ചകളും അതിര്‍ത്തിയിലുണ്ട്.
കണ്ണീര്‍ വാതക ഷെല്ലുകള്‍ ഡ്രോണുകളില്‍ ഘടിപ്പിച്ച് കര്‍ഷകര്‍ക്കുനേരെ പ്രയോഗിക്കുകയാണ് പോലീസ് കഴിഞ്ഞദിവസം ചെയ്തത്. ബുധനാഴ്ചയും ഇതേമാര്‍ഗ്ഗം സ്വീകരിച്ചെങ്കിലും പട്ടങ്ങള്‍ പറത്തിയാണ് കര്‍ഷകര്‍ ഡ്രോണുകളെ നേരിടാനിറങ്ങിയത്. തങ്ങള്‍ക്കുമുകളിലൂടെ കണ്ണീര്‍വാതക ഷെല്ലുകളുമായി പറക്കുന്ന ഡ്രോണുകളെ പട്ടം പറത്തി പിടികൂടാനാണ് കര്‍ഷകര്‍ ശ്രമിക്കുന്നത്. പട്ടങ്ങളുടെ നീളത്തിലുള്ള ചരട് ഡ്രോണുകളുടെ റോട്ടറുകള്‍ക്കിടയില്‍ കുടുക്കി അവയുടെ നിയന്ത്രണം തകര്‍ക്കുന്നതാണ് തന്ത്രം.
വായ്പപ്പലിശയിളവ്, താങ്ങുവില നിയമപരമാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുമായി കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച 'ഡല്‍ഹി ചലോ' മാര്‍ച്ചിനെ പഞ്ചാബ്-ഹരിയാണ അതിര്‍ത്തികളില്‍ പോലീസ് തടയാന്‍ ശ്രമിച്ചതോടെയാണ് ചൊവ്വാഴ്ച സംഘര്‍ഷമുടലെടുത്തത്. 24 പോലീസ് ഉദ്യോഗസ്ഥര്‍ക്കും 30-ലധികം സമരക്കാര്‍ക്കും ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഖനോരി അതിര്‍ത്തിയിലും കുരുക്ഷേത്രയിലും പോലീസുമായി കര്‍ഷകര്‍ ഏറ്റുമുട്ടി. സമരം അക്രമാസക്തമായതോടെ കര്‍ഷകര്‍ക്ക് ചൊവ്വാഴ്ച മുന്നോട്ടുനീങ്ങാനായില്ല.
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് നാലുവര്‍ഷം മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളില്‍ എത്തിയത്. അന്നും പ്രതിഷേധക്കാരെ തടയാന്‍ വലിയ സന്നാഹമായിരുന്നു പോലീസ് തീര്‍ത്തത്. സിമന്റ് ബാരിക്കേഡ്, മുള്ളുവേലികള്‍, ഷിപ്പിങ് കണ്ടെയ്‌നറുകള്‍ എന്നിവയെല്ലാം അതിര്‍ത്തികളില്‍ സജ്ജമാക്കിയിരുന്നു. കണ്ണീര്‍വാതകം, റബ്ബര്‍ ബുള്ളറ്റ്, ലാത്തിചാര്‍ജ് എന്നിവ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു കര്‍ഷകരെ അന്ന് നേരിട്ടത്. എങ്കിലും അന്ന് കർഷകരുടെ സമരം വിജയംകാണുകയും ആവശ്യങ്ങൾക്കുമുന്നിൽ സർക്കാർ മുട്ടുമടക്കുകയും ചെയ്തിരുന്നു.
2024-ലും പ്രക്ഷോഭത്തെ പോലീസ് നേരിടുന്നത് സമാന രീതിയിലാണ്. എന്നാല്‍, രാജ്യതലസ്ഥാനത്തേക്കെത്തുന്ന കർഷകർ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും ആറുമാസക്കാലം പ്രക്ഷോഭം തുടരുമെന്നും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, പ്രശ്‌നപരിഹാരം എങ്ങനെ സാധ്യമാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Content Highlights: Farmers Fly Kites To Tackle Drones Carrying Tear Gas Shells