ജ. കെ.എം.ജോസഫിന് സുപ്രീംകോടതിയില്‍ യാത്രയയപ്പ്; നഷ്ടമാകുന്നത് കളിക്കൂട്ടുകാരനെയെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജൂൺ 16-ന് വിരമിക്കുന്ന ജസ്റ്റിസ് കെ.എം. ജോസഫിന് സുപ്രീം കോടതിയിൽ യാത്രയയപ്പ് നൽകി. ജീവിതം പുതിയ രൂപത്തിലേക്ക് മാറുകയാണെന്നും അതേത് രൂപത്തിൽ ആയിരിക്കുമെന്ന് അറിയില്ലെന്നും വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കവെ ജസ്റ്റിസ് ജോസഫ് പറഞ്ഞു. കേന്ദ്ര സർക്കാരിന് എതിരെ കനത്ത വിമർശനം ഉന്നയിച്ചിരുന്ന ജസ്റ്റിസ് കെ.എം. ജോസഫിന്റെ വിടവാങ്ങൽ ചടങ്ങിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പ്രസംഗം ഒറ്റ വരിയിൽ ഒതുങ്ങിയതും ശ്രദ്ധേയം ആയി.
സുപ്രീം കോടതി ഇന്ന് (വെള്ളിയാഴ്ച ) വേനലവധിക്ക് അടയ്ക്കുന്നതിനാലാണ് ജസ്റ്റിസ് കെ.എം. ജോസഫിന് യാത്രയപ്പ് നൽകിയത്. ജഡ്ജി ആയി നിയമിക്കപ്പെടുമ്പോൾ തന്നെ വിരമിക്കുമെന്ന് എല്ലാ ജഡ്ജിമാർക്കും അറിയാം. വിരമിച്ച ശേഷം പുതിയ രൂപത്തിലേക്ക് ജീവിതം മാറുകയാണ്. തന്നെ കുറിച്ച് പറഞ്ഞതിനും പറയാത്തതിനും ജസ്റ്റിസ് ജോസഫ് നന്ദി രേഖപ്പെടുത്തി.
1972 ൽ ഡൽഹിയിൽ ആദ്യമായി എത്തിയപ്പോൾ തന്റെ ആദ്യ സുഹൃത്ത് ആയിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കൊളീജിയം യോഗങ്ങളിൽ തനിക്ക് ജോസഫിനോട് പക്ഷപാതപരമായ നിലപാടാണെന്ന് ഭാവിയിൽ ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള ഒരു ജഡ്ജി കളിയായി പറയുമായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വെളിപ്പെടുത്തി. എന്നാൽ തനിക്ക് ഒരു പക്ഷപാതപരമായ നിലപാടും ഇല്ലായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
അറ്റോർണി ജനറൽ വാചാലനായി, സോളിസിറ്റർ ജനറൽ വാക്കുകളിൽ പിശുക്ക് കാട്ടി
കേന്ദ്ര സർക്കാരിനെ സമീപകാലത്ത് ഏറ്റവും അധികം വിമർശിച്ചിട്ടുള്ള സുപ്രീം കോടതി ജഡ്ജിയാണ് കെ.എം. ജോസഫ്. എന്നാൽ വിടവാങ്ങൽ ചടങ്ങിൽ ജസ്റ്റിസ് ജോസഫിനെ പ്രകീർത്തിക്കുന്നതിൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി വാചാലനായി. ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ജസ്റ്റിസ് ജോസഫ് ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിൽ അദ്ദേഹത്തിന് മുമ്പാകെ ഹാജരായിട്ടുള്ള കാര്യം അറ്റോർണി ജനറൽ വിശദീകരിച്ചു.
എന്നാൽ, തുടർന്ന് സംസാരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ചു. അറ്റോർണി ജനറൽ പങ്കുവെച്ച കാര്യങ്ങളോട് യോജിക്കുന്നുവെന്നും ജോസഫിന് ആരോഗ്യപരമായ വിരമിക്കൽ ജീവിതം ആശംസിക്കുന്നുവെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. എന്നാൽ ഇന്ന് യാത്രയയപ്പ് ലഭിച്ച ജസ്റ്റിസുമാരായ അജയ് രസ്തോഗി, വി. രാമസുബ്രമണ്യം എന്നിവരെ കുറിച്ച് തുഷാർ മേത്ത വാചാലനായി.
വിദ്വേഷ പ്രസംഗം, ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് എന്നീ കേസുകളിൽ കേന്ദ്ര സർക്കാരിനും ബി.ജെ.പി. ഭരണ സംസ്ഥാന സർക്കാരുകൾക്കും എതിരെ ജസ്റ്റിസ് ജോസഫ് ഉന്നയിച്ചിരുന്ന വിമർശനം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Content Highlights: Farewell, Justice KM Joseph, Supreme Court