850 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്: പ്രധാനപ്രതിയുടെ ജെറ്റ് വിമാനം പിടിച്ചെടുത്ത് ഇ.ഡി

ഹൈദരാബാദ്: സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ജെറ്റ് വിമാനം പിടിച്ചെടുത്ത് ഇ.ഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തില്‍വെച്ച് ശനിയാഴ്ചയാണ് 850 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ ഫാല്‍കണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അമര്‍ദീപ് കുമാറിന്റെ ജെറ്റ് വിമാനം-Hawker 800A കണ്ടുകെട്ടിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ കമ്പനിയും അതിന്റെ പ്രൊമോട്ടര്‍മാരും ഒരു നിക്ഷേപപദ്ധതി വഴി ഒട്ടേറെപ്പേരെ വഞ്ചിച്ചെന്ന കേസിലാണ് നടപടി.
2024-ല്‍ 1.6 മില്യണ്‍ യുഎസ് ഡോളറിനാണ് അമര്‍ദീപ് കുമാര്‍ ഈ ജെറ്റ് വിമാനം വാങ്ങിയത്. തട്ടിപ്പ് നടത്തി ലഭിച്ച തുകകൊണ്ടാണ് ഇയാള്‍ വിമാനം വാങ്ങിയതെന്ന് ഇ.ഡി വ്യക്തമാക്കി. വിമാനത്തിലെ ജീവനക്കാരെയും കുമാറിന്റെ അനുയായിയേയും ചോദ്യംചെയ്തു. ജനുവരി 22-ന് അമര്‍ദീപ് കുമാറും മറ്റൊരാളും ഒരേ വിമാനത്തില്‍ രാജ്യംവിട്ടതായി അന്വേഷണ ഉദ്യാഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
നിക്ഷേപ തട്ടിപ്പ് പദ്ധതി പ്രകാരം ഉയര്‍ന്ന വരുമാനം വാഗ്ദാനംചെയ്ത് നിക്ഷേപകരില്‍നിന്ന് 1,700 കോടി രൂപ ഫാല്‍ക്കണ്‍ ഗ്രൂപ്പ് കൈപ്പറ്റിയിരുന്നെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. 850 കോടി രൂപ തിരികെ നല്‍കിയെങ്കിലും 6,979 നിക്ഷേപകര്‍ക്ക് ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15-ന് ഫാല്‍ക്കണ്‍ ക്യാപിറ്റല്‍സ് വൈസ് പ്രസിഡന്റ് പവന്‍ കുമാര്‍ ഒഡെലയെയും ഡയറക്ടര്‍ കാവ്യ നല്ലൂരിയെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, അമര്‍ദീപ് കുമാര്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഒളിവിലാണ്.
Content Highlights: EDI Seizes Jet in Falcon Group Investment Scam