ഐഐടിയില്‍ പഠനം: സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയത്തില്‍, ഇനി റെയില്‍വേ -ഐടി മന്ത്രി

ന്യൂഡല്‍ഹി: ഒഡീഷയില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപി അശ്വിനി വൈഷ്ണവാണ് രാജ്യത്തിന്റെ പുതിയ റെയില്‍വേ മന്ത്രി. ഒപ്പം കമ്മ്യൂണിക്കേഷന്‍, ഐടി മന്ത്രാലയങ്ങളുടെ തലവനും കൂടിയാണ് അദ്ദേഹം.
മുന്‍ ഐഎഎസ് ഓഫീസര്‍, ഐഐടി കാണ്‍പുര്‍, വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി, സംരംഭകന്‍, വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ പദവികളിലൂടെയാണ് അശ്വിനി വൈഷ്ണവ് മോദി മന്ത്രിസഭയിലെത്തുന്നത്.
1994- ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് 15 വര്‍ഷത്തിലധികമായി സുപ്രധാന ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തം ചട്ടക്കൂടിന് സുപ്രധാന സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അദ്ദേഹം.
ആഗോള തലത്തില്‍ പ്രമുഖ കമ്പനികളായ ജനറല്‍ ഇലക്ട്രിക്, സീമെന്‍സ് തുടങ്ങിയ കമ്പനികളില്‍ സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്നാണ് എംബിഎ പൂര്‍ത്തിയാക്കിയത്. ഐഐടി കാണ്‍പൂരില്‍ നിന്ന് എംടെക്കും നേടി.
ബാലസോറിലും കട്ടക്കിലും ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചു. 1999-ലെ വിനാശകരമായ സൂപ്പര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പ്രവര്‍ത്തിച്ചു. 2004-ല്‍ എന്‍ഡിഎക്ക് അധികാരം നഷ്ടമായതിന് ശേഷം വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
2012-ല്‍ അദ്ദേഹം ഗുജറാത്തില്‍ രണ്ട് ഓട്ടോമോട്ടീവ് ഘടക നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിച്ചു. 2019-ല്‍ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം ബിജെഡിയുടെ പുന്തുണയോടെയാണ് രാജ്യസഭയിലേക്കെത്തിയത്.
പിയൂഷ് ഗോയലില്‍ നിന്നാണ് അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. മന്ത്രിസഭയില്‍ നിന്ന് പുറത്തായ രവിശങ്കര്‍ പ്രസാദിന് പകരമായിട്ടാണ് ഐടി മന്ത്രാലയത്തിന്റെ ചുമതലയും വഹിക്കുക. പുതിയ ഐടി നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ട്വിറ്ററുമായി കൊമ്പുകോര്‍ത്ത് നില്‍ക്കവെയാണ് ഐടി മന്ത്രാലയത്തിന്റെ ചുമതല വഹിക്കേണ്ടി വരികയെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വെല്ലുവിളി.
ട്വിറ്ററുമായി നിരന്തരം തര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന രവിശങ്കര്‍പ്രസാദിന്റെ പുറത്ത് പോകലും അപ്രതീക്ഷിതമായി.
മോദി മന്ത്രിസഭയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരില്‍ അശ്വിനി വൈഷ്ണവിനെ കൂടാതെ മറ്റൊരു മുന്‍ ഐഎഎസുകാരനും കൂടിയുണ്ട്. ജെഡിയുവില്‍ നിന്നുള്ള രാമചന്ദ്ര പ്രസാദ് എന്ന ആര്‍.പി.സിങാണിത്. 1984-ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ആര്‍.പി.സിങ് നിതീഷ് കുമാറിന്റെ വിശ്വസ്തനും ജെഡിയു ദേശീയ അധ്യക്ഷനും കൂടിയാണ്.
രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കും മുമ്പ് അദ്ദേഹം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.
സിവില്‍ സര്‍വീസില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ രാജ്കുമാര്‍ കുമാര്‍ സിങിനും മോദി സര്‍ക്കാരില്‍ കഴിഞ്ഞ ദിവസം സ്ഥാന കയറ്റം ലഭിച്ചു. സഹമന്ത്രി പദത്തില്‍ നിന്ന് കാബിനറ്റ് മന്ത്രിയായിട്ടാണ് അദ്ദേഹം ഉയര്‍ത്തപ്പെട്ടത്. ഇന്ത്യയെ വൈദ്യതി മിച്ച രാജ്യമാക്കി മാറ്റിയ മോദി സര്‍ക്കാരിന്റെ ഊര്‍ജ്ജമേലയിലെ പരിഷ്‌കരണത്തില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് അദ്ദേഹം.
Content Highlights: