ഓട്ടോ ഡ്രൈവര്‍ പൊതുമധ്യത്തില്‍ മര്‍ദിച്ചു, പിന്നാലെ ഗോവ മുന്‍ എം.എല്‍.എ കുഴഞ്ഞുവീണ് മരിച്ചു

സിസിടിവി ദൃശ്യം/ ഗോവ മുന്‍ എം.എല്‍.എ ലാവൂ സൂര്യജി മംലേദര്‍ | Photo: x
സിസിടിവി ദൃശ്യം/ ഗോവ മുന്‍ എം.എല്‍.എ ലാവൂ സൂര്യജി മംലേദര്‍ | Photo: x

ബെംഗളൂരു: ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിന് പിന്നാലെ ഗോവ മുന്‍ എം.എല്‍.എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. 

ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡില്‍വെച്ച് മംലേദറുടെ കാര്‍ എതിരെ വന്ന ഓട്ടോറിക്ഷയില്‍ തട്ടിയിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറും മംലേദറും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഡ്രൈവര്‍ പലതവണ മംലേദറിനെ മര്‍ദിച്ചു. ഇത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും ബെല്‍ഗാവി പോലീസ് വ്യക്തമാക്കി. 

ഇതിനുശേഷം ഹോട്ടലിലേക്ക് മടങ്ങിയ മംലേദര്‍ കോണിപ്പടി കോണിപ്പടി കയറാന്‍ ഒരുങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ ഓട്ടോ ഡ്രൈവര്‍ ബെല്‍ഗാവി പോലീസിന്റെ കസ്റ്റഡിയിലാണ്. 

മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ എം.എല്‍.എ ആയിരുന്നു മംലേദാര്‍. 2012 മുതല്‍ 2017 വരെ ഗോവയിലെ പോണ്ട നിയോജകമണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു. 2017-ല്‍ വീണ്ടും പോണ്ടയില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. 2021-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒരു മാസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടു. 2022 അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.


 

Content Highlights: ex goa mla dies shortly after autorickshaw driver slaps him in karnataka