'ജഡ്ജി നിയമനത്തിൽ ഒരു സമുദായത്തെ പ്രീണിപ്പിക്കുന്നു'; ഇടപെടൽ തേടി രാഷ്ട്രപതിക്ക് മുൻ ചീഫ് ജസ്റ്റിസിന്റെ കത്ത്

#ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, രാഷ്ട്രപതി ദ്രൗപതി മുര്‍മു | Photos: PTI, ANI
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, രാഷ്ട്രപതി ദ്രൗപതി മുര്‍മു | Photos: PTI, ANI

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും ഒരു സമുദായത്തെ പ്രീണിപ്പിക്കുന്നുവെന്ന് ആരോപിച്ച് രാഷ്ട്രപതിക്ക് മുൻ ചീഫ് ജസ്റ്റിസിന്റെ കത്ത്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ആണ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്ത് നൽകിയത്. ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രംവരുന്ന ഒരു സമുദായത്തിന് സമീപകാലത്ത് സുപ്രീം കോടതിയിലെ ജഡ്ജി നിയമനത്തിൽ 40 ശതമാനത്തിലധികം പ്രാതിനിധ്യം ലഭിച്ചെന്ന് കത്തിൽ ജസ്റ്റിസ് ബി.ആർ. ഗവായ് ആരോപിച്ചു. വിഷയത്തിൽ രാഷ്ട്രപതി ഇടപെടെണമെന്നും ഗവായ് അഭ്യർഥിച്ചു.

ജുഡീഷ്യൽ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും വൈവിധ്യം, ഉൾക്കൊള്ളൽ, യോഗ്യത എന്നിവയോടുള്ള അവഗണന വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കത്ത് അയച്ചത്. സമീപകാലത്ത്, യോഗ്യതയുടെയും ഉൾക്കൊള്ളലിന്റെയും തത്വങ്ങളെ പൂർണമായും അവഗണിക്കുന്ന ആശങ്കാജനകമായ സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. സമൂഹത്തിലെ പ്രത്യേക വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥികളെ മറ്റെല്ലാവരെയും ഒഴിവാക്കി നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ശുപാർശ ചെയ്യുന്നു. ഇതിലൂടെ ജഡ്ജി നിയമനത്തിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നതായും ജസ്റ്റിസ് ഗവായ് ആരോപിച്ചു.

താൻ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിൽ ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കും ജഡ്ജിമാരെ ഉയർത്തുന്നതിനുള്ള സ്ഥാനക്കയറ്റ ശുപാർശകൾ തയ്യാറാക്കിയപ്പോൾ വൈവിധ്യവും ഉൾക്കൊള്ളലും ഉറപ്പാക്കുന്ന തത്വങ്ങൾ സ്ഥിരമായി പാലിച്ചിരുന്നുവെന്ന് മുൻ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, മുന്നാക്ക വിഭാഗങ്ങൾ എന്നിവയുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സമീപകാല സംഭവവികാസങ്ങൾ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥികൾക്ക് ജുഡീഷ്യൽ നിയമനങ്ങളിൽ മുൻഗണന നൽകുന്നുവെന്ന ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട് എന്നാണ് കത്തിൽ ആരോപിച്ചിരിക്കുന്നത്.

മുന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥികളെ പരിഗണിക്കുന്നതിനെ താൻ എതിർക്കുന്നുവെന്ന് തെറ്റിദ്ധരിക്കരുതെന്നും ഗവായ് കത്തിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കുമിടയിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നതായിരുന്നു എപ്പോഴും തന്റെ ശ്രമം. നിലവിലെ സംഭവവികാസങ്ങൾ പരിഹരിക്കുന്നതിന് ഭരണകൂടം, പാർലമെന്റ്, ജുഡീഷ്യറി തുടങ്ങി എല്ലാ വിഭാഗങ്ങളും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് കത്തിൽ ചൂണ്ടിക്കാട്ടി.

Content Highlights: Former Chief Justice of India B.R. Gavai wrote to President Droupadi Murmu seeking intervention, alleging that a community comprising under five percent of the population received over 40 percent of recent Supreme Court appointments.