പെൺസുഹൃത്തിന് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകി, പാകിസ്താന് വേണ്ടിയെന്ന് സംശയം; സേനയിലെ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

ചെന്നൈ: പെൺസുഹൃത്തിന് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയതിന് കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നുള്ള ബാബുവിനെ (52) ആണ് കണിയമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്താൻ ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന അജ്ഞാത സ്ത്രീയ്ക്കാണ് ഇയാൾ വാട്ട്സ്ആപ്പിലൂടെ സൈനികരഹസ്യങ്ങൾ കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുകയാണ്.
വേലൂർ നഗരത്തിന് സമീപമുള്ള കീഴവാളം സ്വദേശിയാണ് ബാബു. കേന്ദ്ര ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണിയമ്പാടി പോലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. 28 വർഷം സൈന്യത്തിന്റെ ആർട്ടിലറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ച ബാബു 2022-ലാണ് വിരമിച്ചത്. തുടർന്ന് കുടുംബത്തോടൊപ്പം ഗ്രാമത്തിൽ താമസിച്ചുവരികയായിരുന്നു.
ഒരു വർഷം മുൻപാണ് പാകിസ്താൻ ചാരവനിതയെന്ന് സംശയിക്കുന്ന യുവതി വാട്സാപ്പിലൂടെ ബാബുവുമായി ബന്ധപ്പെട്ടതെന്നാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. പിന്നീട് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയെന്നും സൈനിക വിഭാഗങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ബാബു കൈമാറിയെന്നും പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, രേഖകൾ എന്നിവയും ബാബുവിൽ നിന്ന് പിടിച്ചെടുത്തു.
അറസ്റ്റ് ചെയ്ത ബാബു നിലവിൽ വേലൂർ സെൻട്രൽ ജയിലിലാണ്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
Content Highlights: Former Army Captain Babu was arrested by Tamil Nadu police in Vellore for sharing sensitive military secrets via WhatsApp with an unidentified woman suspected of being a Pakistani intelligence agent.