അണ്ണാമലൈ പുറത്താകുമോ; അമിത് ഷായുമായി പളനിസ്വാമിയുടെ കൂടിക്കാഴ്ച, AIADMK-BJP കൂട്ടുകെട്ട് വീണ്ടും?

ചെന്നൈ: ബിജെപിയുമായുള്ള സഖ്യം പുനഃസ്ഥാപിക്കുന്ന കാര്യം അണ്ണാ ഡിഎംകെ പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. 15 മിനിറ്റ് നീണ്ടുന്ന സ്വകാര്യ കൂടിക്കാഴ്ചയാണ് ഇരുവരും നടത്തിയത്. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സഖ്യം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഉപാധികള്‍ എടപ്പാടി പളനിസ്വാമി അമിത് ഷായ്ക്കുമുന്നില്‍ വെച്ചുവെന്ന് എഐഎഡിഎംകെ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയെ സഖ്യ ചര്‍ച്ചയില്‍നിന്നും മാറ്റിനിര്‍ത്താനുള്ള ഉപാധിയാണ് ഇതില്‍ പ്രധാനം. സഖ്യത്തെ എഐഡിഎംകെ തന്നെ നയിക്കും. സഖ്യത്തില്‍ ടിടിവി ധിനകരന്‍, വി.കെ.ശശികല, ഒ.പനീര്‍ശെല്‍വം എന്നിവരുടെ സാന്നിധ്യം തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്നും പളനിസ്വാമി അമിത് ഷായെ അറിയിച്ചതായാണ് വിവരം.
മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കളായ എസ്പി വേലുമണിയും കെപി മുനുസാമിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
ബിജെപി നേതൃത്വം പലതവണ അനുരഞ്ജനശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഇനി സഖ്യത്തിനില്ലെന്ന കര്‍ശനനിലപാടിലായിരുന്നു ഇത്രനാളും എടപ്പാടി പളനിസ്വാമി. പ്രതിപക്ഷകക്ഷികള്‍ വേറിട്ടുമത്സരിക്കുന്നത് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയുടെ ജയം അനായാസമാക്കുമെന്ന തിരിച്ചറിവും കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദവുമാണ് നിലപാടുമാറ്റത്തിന് വഴിവെച്ചത് എന്നാണ് സൂചന. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ ആഴ്ചകളായി തുടരുന്ന അനൗപചാരിക ചര്‍ച്ചകള്‍ക്കുശേഷമാണ് ഡല്‍ഹിയില്‍വെച്ച് അമിത് ഷാ-എടപ്പാടി ചര്‍ച്ച നടന്നത്.
ബിജെപി സഖ്യം ബാധ്യതയായെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് 2023-ല്‍ അണ്ണാ ഡിഎംകെ പിണങ്ങിപ്പിരിഞ്ഞത്. ജയലളിതയുടെ കാലത്ത് 1998-ല്‍ ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കിയിരുന്നെങ്കിലും അത് ഒരു വര്‍ഷമേ നീണ്ടുനിന്നുള്ളൂ. പിന്നീട് ജയലളിതയുടെ മരണശേഷം 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്‍പാണ് സഖ്യം പുനഃസ്ഥാപിക്കപ്പെട്ടത്. അതിനുശേഷംനടന്ന രണ്ടുതിരഞ്ഞെടുപ്പിലും മുന്നണിക്ക് വന്‍ പരാജയം നേരിട്ടു. വലിയ കക്ഷിയായ അണ്ണാ ഡിഎംകെയെ ഒതുക്കി സ്വന്തം പാര്‍ട്ടി ശക്തിപ്പെടുത്താന്‍ അണ്ണാമലൈ നടത്തിയ ശ്രമങ്ങള്‍ ബന്ധം വഷളാക്കി. അതാണ് സഖ്യം വിച്ഛേദിക്കുന്നതിലേക്കു നയിച്ചത്.
എന്നാല്‍ ബിജെപിയും അണ്ണാ ഡിഎംകെയും വേറിട്ടുമത്സരിച്ച ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും ഡിഎംകെ സഖ്യം വന്‍ ഭൂരിപക്ഷമാണ് നേടിയത്. അവസാനംനടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷകക്ഷികളാരും മത്സരിച്ചതുപോലുമില്ല. അടുത്ത വര്‍ഷത്തെ നിയമസഭാതിരഞ്ഞെടുപ്പില്‍ ഈ സ്ഥിതി വരാന്‍ പാടില്ലെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ബന്ധമാണ് സഖ്യം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കു പന്നില്‍. ഉത്തരേന്ത്യന്‍ കക്ഷിയെന്ന പ്രതിച്ഛായയുള്ള ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് ആശയപരമായി പാര്‍ട്ടിക്ക് ദോഷംചെയ്യുമെങ്കിലും തത്കാലം വേറെ വഴിയില്ലെന്നാണ് അണ്ണാ ഡിഎംകെ നേതൃത്വം കരുതുന്നത്.
അണ്ണാ ഡിഎംകെ നേതൃത്വവും ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ. അണ്ണാമലൈയും തമ്മിലുള്ള ഭിന്നതയായിരുന്നു സഖ്യത്തിനുള്ള പ്രധാന തടസ്സം. അണ്ണാമലൈയെ മാറ്റിയാലേ സഖ്യമുള്ളൂ എന്നായിരുന്നു എടപ്പാടിയുടെ നിലപാട്. അതില്‍നിന്ന് അദ്ദേഹം പിന്നാക്കംപോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അമിത് ഷായെ കണ്ട് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചതോടെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമായി. സഖ്യം പുനഃസ്ഥാപിക്കാനുള്ള നീക്കത്തില്‍ അണ്ണാമലൈയെ മാറ്റിനിര്‍ത്താനുള്ള എഐഎഡിഎംകെയുടെ ആവശ്യം ബിജെപി അംഗീകരിക്കുമോ എന്നത് കണ്ടറിയണം.
മുന്നണിക്ക് ഏകോപനസമിതിയുണ്ടാക്കണമെന്നും ബിജെപി ദേശീയനേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ സമിതിക്ക് അവസരമുണ്ടാകണമെന്നും അണ്ണാ ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ അണ്ണാമലൈയുടെ അപ്രമാദിത്വം അവസാനിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
Content Highlights: EPS met Amit Shah-wanted Annamalais role reduced in state