നീട്ടിവെച്ച അവസാന പാദ സര്‍വ്വകലാശാല പരീക്ഷകള്‍ നടത്താമെന്ന് കേന്ദ്രം

Photo: Mathrubhumi Archives
Photo: Mathrubhumi Archives

ന്യൂഡല്‍ഹി :  കൊറോണ വൈറസ് വ്യാപനം തടയാനുള്ള ലോക്കഡൗണിനെത്തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ നീട്ടിവെച്ച അവസാന വര്‍ഷ കോളേജ് പരീക്ഷകള്‍ എല്ലാ വിധ സുരക്ഷാ മുന്‍കരുതലുകളോടും കൂടി നടപ്പിലാക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബറില്‍ പരീക്ഷകള്‍ നടത്താമെന്ന് അറിയിച്ച്‌ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ യുജിസി പുറത്തിറക്കി.

അണ്‍ലോക്ക് ടുവിന്റെ ഭാഗമായി പരീക്ഷകള്‍ നടത്തണമെന്ന് പറഞ്ഞ്‌ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും മന്ത്രാലയം കത്തെഴുതിയിട്ടുണ്ട്. 

യുജിസി മാര്‍ഗ്ഗനിര്‍ദേശ പ്രകാരവും സര്‍വ്വകലാശാല അക്കാദമിക കലണ്ടറും അനുസരിച്ച് അവസാന പാദ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണമെന്ന് കത്തില്‍ പറയുന്നുണ്ട്. കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയം അംഗീകരിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമം പാലിച്ചായിരിക്കണം പരീക്ഷകള്‍ നടത്തേണ്ടതെന്നും കത്തില്‍ പറയുന്നുണ്ട്.

പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം സര്‍വ്വകലാശാല അവസാന പാദ പരീക്ഷകള്‍ ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ നടത്താം. ഒരു വിദ്യാര്‍ഥിക്ക് സെപ്റ്റംബറില്‍ പരീക്ഷയെഴുതാന്‍ സാധിച്ചില്ലെങ്കില്‍ ആ പരീക്ഷ പിന്നീടെഴുതാനുള്ള അവസരവും കൂടി അവര്‍ക്കുണ്ടാവണം എന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥികളെ അവരുടെ മുന്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ പ്രമോട്ട് ചെയ്യാമെന്നാണ് ഈ സംസ്ഥാനങ്ങളുടെ തീരുമാനം.

എന്‍ജിനിയറിങ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ കൂടി ഇത്തരത്തില്‍ മാറ്റിവെക്കണമെന്ന ആവശ്യം വിദ്യാര്‍ഥികള്‍ മുന്നോട്ടു വെക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

content highlights: End-Of-Term University Exams can be conducted by September-End says Home Ministry

Content Highlights: