ചൈനീസ് ഭീഷണി നേരിടാനുള്ള മുന്നൊരുക്കം, അസമിലെ ഇഎൽഎഫ്; തന്ത്രപ്രധാനം

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ സി-130ജെ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് ഫെസിലിറ്റിയില്‍ ഇറങ്ങിയപ്പോൾ | Photo: PTI, ANI
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ സി-130ജെ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് ഫെസിലിറ്റിയില്‍ ഇറങ്ങിയപ്പോൾ | Photo: PTI, ANI

ന്യൂഡൽഹി: ശനിയാഴ്ച അസമിലെ ദിബ്രുഗഢിൽ, വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എമർജൻസി ലാൻഡിങ് ഫെസിലിറ്റി( ഇഎൽഎഫ്)യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിപറന്നിറങ്ങിയതോടെ പിറന്നത് ചരിത്രമാണ്. മൊറാനിലെ ദേശീയപാത 37-ലെ പ്രത്യേകം സജ്ജമാക്കിയ 4.2 കിലോമീറ്റർ ദൈർഘ്യമുള്ള എമർജൻസി ലാൻഡിങ് ഫെസിലിറ്റിയിലാണ് പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ടുള്ള സി-130ജെ എന്ന സൈനിക വിമാനം പറന്നിറങ്ങിയത്. അടിയന്തര സാഹചര്യങ്ങളിൽ സൈനിക-സിവിലിയൻ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനും പറന്നുയരാനും സാധ്യമാകുന്ന തരത്തിലാണ് ഹൈവേ വികസിപ്പിച്ചത്. 

ഏകദേശം നൂറുകോടിരൂപയുടെ മുതൽമുടക്കിലാണ് ദേശീയപാതയിൽ ഈ എയർ സ്ട്രിപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യാ-ചൈന അതിർത്തിക്ക് സമീപമുള്ള ഈ നിർണായക നിർമിതി, സൈനികവിന്യാസത്തിനും സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തരസൗകര്യങ്ങളുടെ കാര്യത്തിലും വലിയ പുരോഗതിക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിരോധ സജ്ജീകരണങ്ങൾ ശക്തിപ്പെടുത്താനും ദുരന്തനിവാരണം പോലുള്ള അടിയന്തരസാഹചര്യങ്ങളിലും മറ്റും അതിവേഗം സൗകര്യങ്ങൾ വിന്യസിക്കാൻ  ഇഎൽഎഫ് സഹായകമാകും.

ചൈന, അതിർത്തിക്ക് അപ്പുറം അവരുടെ പ്രദേശത്ത് പ്രതിരോധസംവിധാനങ്ങൾ സജീവമായി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിൽ സൈനികവിന്യാസം അതിവേഗം സാധ്യമാക്കാൻ ഇഎൽഎഫ്  ഇന്ത്യയെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  ചൈനീസ് വെല്ലുവിളിയെ ഫലപ്രദമായി പ്രതിരോധിക്കാൻ വടക്കുകിഴക്കൻ ഇന്ത്യയിൽ ഇഎൽഎഫ് പോലൊരു സംവിധാനം നിലവിൽവരുന്നതോടെ ഇന്ത്യക്ക് കഴിയും.

നിലവിൽ വളരെ കുറച്ച് വ്യോമതാവളങ്ങളിൽനിന്ന് പ്രവർത്തിക്കുന്നതിൽനിന്ന് വ്യത്യസ്തമായി, മൊറാനിലേതു പോലുള്ള ഹൈവേ എയർസ്ട്രിപ്‌സുകൾ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു. യുദ്ധം പോലുള്ള അവസരങ്ങളിൽ വ്യോമതാവളങ്ങൾ ആക്രമിക്കപ്പെടാനും അവിടെ പലവിധ കാരണങ്ങളാൽ തിരക്കേറാനും മറ്റും സാധ്യതയുണ്ട്. എന്നാൽ ഹൈവേ എയർസ്ട്രിപ്‌സുകൾ ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ചുള്ള പ്രവർത്തനങ്ങൾക്ക് സഹായകമാകും. ദേശീയപാതകളിൽനിന്ന് ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനുമുള്ള ശേഷി ദുർഘടമായ പ്രദേശങ്ങളിലെ സൈനികവിന്യാസത്തെ സഹായിക്കും. മാത്രമല്ല, ചൈനീസ് ഭീഷണി ഉയരുന്നിടങ്ങളിലേക്ക് അതിവേഗം സൈനികരെ എത്തിക്കാനും സഹായിക്കും.

Content Highlights: emergency landing facility in assam how it will help india