തിര. കമ്മീഷൻ ഓഫീസിനു മുന്നിൽ ഇടത് പ്രതിഷേധം; എംഎ ബേബിയെ അടക്കം അറസ്റ്റ് ചെയ്തു, നേതാക്കളെ വലിച്ചിഴച്ചു

#ന്യൂസ് ഡെസ്ക്
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനുമുമ്പിൽ ഇടതുപാർട്ടികൾ നടത്തിയ പ്രകടനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയും പ്രവർത്തകരും | ഫോട്ടോ: സാബു സ്കറിയ
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനുമുമ്പിൽ ഇടതുപാർട്ടികൾ നടത്തിയ പ്രകടനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയും പ്രവർത്തകരും | ഫോട്ടോ: സാബു സ്കറിയ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായി നടത്തിയ മാർച്ചിനു നേരെ പോലീസ് ബലപ്രയോഗം നടത്തിയതായും നേതാക്കളെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയതായും സിപിഎം എംപി എഎ റഹീം ആരോപിച്ചു.

സിപിഎം, സിപിഐ, സിപിഐ എംഎൽ, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പൊടുന്നനെയാണ് ഉച്ചയ്ക്ക് ഒരുമണിയോടെ ഇടത് നേതാക്കളുടെ നേതൃത്വത്തിൽ നൂറോളം പേർ മാർച്ച് നടത്തിയത്. വൃന്ദ കാരാട്ട്, സുഭാഷിണി അലി, ഡോ. വി. ശിവദാസൻ, എ.എ. റഹീം തുടങ്ങി നിരവധി നേതാക്കൾ പ്രകടനത്തിൽ പങ്കെടുത്തു.

കമ്മീഷൻ ഓഫീസിന് തൊട്ടുമുന്നിൽവെച്ച് പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നിലത്തിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇവിടെനിന്ന് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പല നേതാക്കളെയും വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിൽ കയറ്റിയത്. കൊടികൾ പിടിച്ചുവാങ്ങുകയും പ്ലക്കാർഡുകൾ വലിച്ചുകീറുകയും ചെയ്തതായും ആരോപണമുണ്ട്.

Content Highlights: Left parties, led by CPM, CPI, and others, marched to the election commission office in Delhi demanding the removal of Commissioner Gyanesh Kumar.