എസ്ഐആറിന് ഒരുവർഷം; പുറത്തായത് ആറു കോടിപ്പേർ, ബംഗാളിൽ ഒഴിവാക്കിയത് 91 ലക്ഷം പേരെ

#സ്വന്തം ലേഖകൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകമ്മിഷൻ ആരംഭിച്ച വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്.ഐ.ആർ.) നടപടികൾ ഒരുവർഷം പൂർത്തിയാകുമ്പോൾ രാജ്യത്ത് ഇതുവരെ വോട്ടർപട്ടികയിൽനിന്നു പുറത്തായത് ആറുകോടിപ്പേർ. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞവർഷം ജൂൺ 24-ന് ആരംഭിച്ച എസ്.ഐ.ആർ. നടപടികൾക്കെതിരേ പ്രതിപക്ഷപ്പാർട്ടികൾ വലിയ പ്രതിഷേധമുയർത്തിയിരുന്നു.

ബിഹാറും ബംഗാളും കേരളവുമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ. നടപടികൾ സുപ്രീംകോടതിയിലും ചോദ്യംചെയ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷനെ ഇതിൽനിന്നു തടയാൻ പരമോന്നത നീതിപീഠവും തയ്യാറായിരുന്നില്ല. ബിഹാറിലെയും ബംഗാളിലെയും എസ്.ഐ.ആർ. നടപടികളാണ് ഏറെയും ചോദ്യംചെയ്യപ്പെട്ടത്.

ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് 65 ലക്ഷം പേരെ പുറത്താക്കിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാൽ, ഇതിൽ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരും മരിച്ചവരും ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ളവരുമാണെന്ന് കമ്മിഷൻ വാദിച്ചു. ഈവർഷം മാർച്ചിൽ എസ്.ഐ.ആർ. നടപടികളുടെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു.

എന്നാൽ, എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവാദം തിരഞ്ഞെടുപ്പുകൊണ്ടും തീരുന്നില്ല. ബംഗാളിൽ എസ്.ഐ.ആറിൽനിന്നു പുറത്തായവരെ റേഷൻകാർഡിൽനിന്ന് ഒഴിവാക്കുകയാണെന്ന് ഇപ്പോഴത്തെ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. ഈ വിഷയവും സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്.

ബിഹാറിലേതിനുശേഷം ഒക്ടോബർ 27-ന് ആരംഭിച്ച രണ്ടാംഘട്ടത്തിലാണ് ഉത്തർപ്രദേശ്, ബംഗാൾ, തമിഴ്‌നാട്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, കേരളം, പുതുച്ചേരി, അന്തമാൻ നികോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ എസ്.ഐ.ആർ. നടന്നത്. ഇത്രയും സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 50.99 കോടിയാളുകൾ വോട്ടർപട്ടികയിലുണ്ടായിരുന്നത് എസ്.ഐ.ആറിനുശേഷം 45.81 കോടിയായി. അതായത് 5.18 കോടി പേരുകൾ പട്ടികയ്ക്ക് പുറത്തായി.

നീക്കംചെയ്യപ്പെട്ടതിൽ ഉത്തർപ്രദേശിൽ 25.47 ലക്ഷം പേരും ബംഗാളിൽ 24.16 പേരും ഉൾപ്പെടെ 66.88 ലക്ഷം പേർ മരിച്ചവരാണ്. കൂടാതെ എതിർപ്പുകളെത്തുടർന്നുള്ള പരിശോധനയിൽ 63.16 ലക്ഷം പേർ കൂടി പുറത്തായി.

മേയ് 14-നാണ് 16 സംസ്ഥാനങ്ങളിലായി എസ്.ഐ.ആറിന്റെ മൂന്നാംഘട്ടം തുടങ്ങിയത്. ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, ഹരിയാണ, ഝാർഖണ്ഡ്, കർണാടകം, മഹാരാഷ്ട്ര, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ഒഡിഷ, പഞ്ചാബ്, സിക്കിം, ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ്, ഡൽഹി, ചണ്ഡീഗഢ്, ദാദ്രാ ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിലാണ് ഇപ്പോൾ നടക്കുന്നത്. ഇത്രയും സ്ഥലങ്ങളിലായി 36.73 കോടിയാളുകളാണ് വോട്ടർപട്ടികയിലുള്ളത്.

ബംഗാളിൽ ഒഴിവാക്കിയത് 91 ലക്ഷം പേരെ

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി ബംഗാളിലെ വോട്ടർപട്ടികയിൽനിന്നു നീക്കിയത് 91 ലക്ഷം പേരെ. മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ്, മാൽഡ, നാദിയ, സൗത്ത് 24 പർഗാനാസ് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽപ്പേർ പുറത്തായത്. ന്യൂനപക്ഷവും കുടിയേറ്റക്കാരും പാവങ്ങളുമാണ് ഈ മേഖലയിൽ കൂടുതലും പുറത്തായതെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപണം.

Content Highlights: 60 million voters removed nationwide during the year-long SIR exercise. Supreme Court upheld the constitutional validity of the SIR process in March. Opposition parties raise concerns over mass deletions in West Bengal and Bihar. The third phase of the revision covers 20 states and union territories. Over 6.6 million names were removed due to death, with millions more flagged for migration or duplication.