കേന്ദ്ര ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 40,000 രൂപ കടന്നേക്കും; നിര്‍ണായകം ഫിറ്റ്‌മെന്റ് ഫാക്ടർ

പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP,Mathrubhumi
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP,Mathrubhumi

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി എട്ടാം ശമ്പള കമ്മീഷന്‍ രൂപവത്കരിക്കാന്‍ തീരുമാനമായി.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍  ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്.

എട്ടാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട്  പ്രാബല്യത്തില്‍ വരുമ്പോള്‍ കേന്ദ്ര ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപ എന്നത് 40,000 രൂപ കടന്നേക്കും. അത് 50,000 രൂപ വരെയാകാനും സാധ്യതയുണ്ട്‌. . ശമ്പളവും പെന്‍ഷനും നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ഗുണിതമായ ഫിറ്റ്‌മെന്റ് ഫാക്ടര്‍  2.57 ആയിരുന്നത് ഏറിയാല്‍ 2.86 വരെ ആകാം. ഇത് 2.86 ആക്കി നിശ്ചയിച്ചാല്‍ ഇപ്പോഴത്തെ 18000 രൂപ എന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 51,480 രൂപയായി ഉയരും. എട്ടാം ശമ്പള കമ്മീഷന്‍ പ്രകാരം ശമ്പള പരിഷ്‌കരണത്തിനുള്ള ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 നും 2.86 നും മധ്യേയാകാനാണ് സാധ്യത.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകമാണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍. ഏഴാം ശമ്പള കമ്മിഷനില്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നു. ആറാം ശമ്പള കമ്മിഷനില്‍ 7000 രൂപയായിരുന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം ഏഴാം കമ്മിഷനിലെ  2.57 ഫിറ്റ്‌മെന്റ് ഫാക്ടറില്‍ 18000 ആയി ഉയര്‍ന്നിരുന്നു.

അലവന്‍സുകളും ഡിഎയും ഒന്നും ഉള്‍പ്പെടാത്തതാണ് അടിസ്ഥാന ശമ്പളം. ഡിഎ, എച്ച്ആര്‍എ, ടിഎ, മറ്റു അലവന്‍സുകള്‍ അടക്കം ഏഴാം ശമ്പള കമ്മിഷനില്‍ ഏറ്റവും കുറഞ്ഞ ശമ്പളം 36,020 രൂപയായിരുന്നു.

എട്ടാം ശമ്പള കമ്മിഷന്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ വിവിധ അലവന്‍സുകളിലും മാറ്റങ്ങള്‍വരാം. അലവന്‍സുകളടക്കം പരിഷ്‌കരിക്കുന്നതിനാണ് കമ്മിഷനെ നിയോഗിക്കുന്നത്. ഈ പരിഷ്‌കരണം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ജനുവരി ഒന്നുമുതലാകും എട്ടാം ശമ്പള കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരിക.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) അടിസ്ഥാന ശമ്പളത്തിന്റെ 50% കടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ശമ്പള പരിഷ്‌കരണത്തിനുള്ള പുതിയ കമ്മിഷന്‍ പ്രഖ്യാപനം. 2024 ജുലായ് ഒന്നു മുതല്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 53% ഡിഎ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

പത്തുവര്‍ഷത്തിലൊരിക്കലാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നത്. 2016 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ഏഴാം ശമ്പള കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇപ്പോള്‍ നിലവിലുള്ള ശമ്പള ഘടന.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയും ഏഴാം കമ്മിഷന്റെ കാലാവധി അവസാനിക്കുന്നത് കണക്കിലെടുത്തുമാണ്‌  എട്ടാം ശമ്പള കമ്മിഷന് അനുമതി നല്‍കിയിരിക്കുന്നത്.

Content Highlights: eighth pay commission- Salary Hike Central Employees Can Expect- minimum basic salary