സി.ജെ.പി. സമരം: ടി.വി. ചാനലുകൾ അവഗണിച്ചു, ഡിജിറ്റൽ മാധ്യമങ്ങളും ദിനപത്രങ്ങളും പിന്തുണച്ചു- റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
സി.ജെ.പി പ്രക്ഷോഭം|photo:getty
സി.ജെ.പി പ്രക്ഷോഭം|photo:getty

ന്യൂഡൽഹി: ജന്തർമന്തറിലെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സമരത്തിന്റെ കവറേജിൽ മുഖ്യധാര ടി.വി. ചാനലുകൾ വിശ്വാസ്യതാ പ്രതിസന്ധിയിൽപ്പെട്ടപ്പോൾ, പൊതുജനാഖ്യാനം ചമയ്ക്കുന്നതിൽ സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും മുന്നിൽനിന്നെന്ന് റിപ്പോർട്ട്. ഡൽഹിയിൽനടന്ന സി.ജെ.പി. സമരത്തിൽ വിവിധ മാധ്യമങ്ങളുടെ വാർത്തകൾ വിശകലനംചെയ്ത് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തയ്യാറാക്കിയ ‘സ്റ്റേറ്റ് ഓഫ് മീഡിയ’ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഹിന്ദി ദിനപത്രങ്ങളായ ഹിന്ദുസ്ഥാൻ, ദൈനിക് ഭാസ്‌കർ, ഇംഗ്ലീഷ് ദിനപത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി ഇന്ത്യൻ എക്സ്പ്രസ്, സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങളായ ദി ന്യൂസ് മിനിറ്റ്, സ്‌ക്രോൾ ഇൻ, അന്താരാഷ്ട്ര മാധ്യമങ്ങളായ ബി.ബി.സി., ന്യൂയോർക്ക് ടൈംസ്, അൽ ജസീറ, റോയിട്ടേഴ്സ് തുടങ്ങിയവയെയും മുഖ്യധാരാ ടി.വി. ചാനലുകളായ റിപ്പബ്ലിക്, ടൈംസ് നൗ, ആജ് തക്, എ.ബി.പി. ന്യൂസ്, ടി.വി. 9 ഭാരത് വർഷ്, ഇന്ത്യ ടി.വി. തുടങ്ങിയവയെയുമാണ് ആധാരമാക്കിയത്.

ടി.വി. ചാനലുകൾ സമരത്തെ പലപ്പോഴും അവഗണിച്ചതായും ഇകഴ്ത്തിക്കെട്ടാൻ ശ്രമിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഹിന്ദി ചാനലുകൾ സർക്കാരിന്റെ ഭാഗം ആവർത്തിക്കുകയാണ് ചെയ്തത്. എന്നാൽ, സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളും വിദ്യാർഥിപ്രശ്നങ്ങളെ പിന്തുണച്ചു. ദിനപത്രങ്ങൾ സമരത്തിന് മികച്ച കവറേജ് നൽകി. അവ സർക്കാരിനോട് ചോദ്യങ്ങളുയർത്തി.

സമരത്തിനിടെ ചില മാധ്യമപ്രവർത്തകർക്കുനേരേ ‘ഗോദി മീഡിയ’ വിളികൾ ഉയർന്നത്, മുഖ്യധാരാ ചാനലുകളോടുള്ള വർധിച്ചുവരുന്ന അവിശ്വാസമായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

Content Highlights: Editors Guild of India released the State of Media report analyzing coverage of the CJP protest at Jantar Mantar., Mainstream TV channels faced a credibility crisis and were accused of ignoring or downplaying the protest., Independent digital media and print newspapers played a leading role in shaping public narrative and asking government questions., International media and English/Hindi dailies provided balanced coverage supporting student issues.