ചോദ്യംചെയ്യൽ തുടർന്ന് ഇഡി; നാളെ ബിജെപിയിൽ ചേർന്നാൽ തീരാവുന്ന കേസേ ഉള്ളെന്ന് റോബർട്ട് വാദ്ര

റോബർട്ട് വാദ്ര | Photo: PTI
റോബർട്ട് വാദ്ര | Photo: PTI

ന്യൂഡൽഹി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രയങ്കാ ഗാന്ധിയുടെ ഭർത്താവും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ റോബർട്ട് വദ്രയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും റോബർട്ട് വദ്ര ഇഡിയുടെ മുമ്പിലെത്തി. ചോദിച്ച കാര്യങ്ങൾ തന്നെയാണ് ഇഡി ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് റോബർട്ട് വദ്ര മാധ്യമങ്ങളോട് പറഞ്ഞു. 

കേസ് നേരിടാൻ കോൺഗ്രസ് പാർട്ടിയുടെ പിന്തുണയുണ്ടെന്ന് റോബർട്ട് വാദ്ര അവകാശപ്പെട്ടു. ചോദിച്ച ചോദ്യങ്ങൾ തന്നെയാണ് ഇഡി ആവർത്തിച്ച് ചോദിച്ചുകൊണ്ടിരിക്കുന്നത്. മനോഹർ ലാൽ ഖട്ടാർ സർക്കാർ ക്ലീൻ ചിറ്റ് നൽകിയ കേസിലാണ് ഇഡിയുടെ ഇപ്പോഴത്തെ നടപടി. നാളെ ബിജെപിയിൽ ചേർന്നാൽ തീരാവുന്ന കേസേ ഉള്ളൂ എന്നും വദ്ര പരിഹസിച്ചു.

അതേസമയം വദ്രയെ പിന്തുണച്ചു കൊണ്ടോ കേസ് നടത്തിപ്പിനു വേണ്ടിയുള്ള സഹായമോ വാഗ്ദാനം ചെയ്തുകൊണ്ടോ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. വ്യക്തിപരമായ കേസാണ്, അത് അദ്ദേഹം നോക്കിക്കോള്ളും എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയത്.

2008-ൽ ഗുരുഗ്രാമിൽ നടത്തിയ ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം റോബർട്ട്‌വദ്രയെ ചോദ്യംചെയ്തത്. തന്നെ നിശ്ശബ്ദനാക്കാൻ ശ്രമിക്കുകയാണെന്നും ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നും വദ്ര ആരോപിച്ചു. കഴിഞ്ഞ 20 വർഷത്തിനിടയിൽ 15 തവണയായി പത്തുമണിക്കൂർവീതം ചോദ്യംചെയ്തു. കേസിനാവശ്യമായ ഇരുപത്തിമൂവായിരം രേഖകൾ സമാഹരിക്കൽ അത്ര എളുപ്പമല്ലെന്നും അന്ന് വദ്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കാനാഗ്രഹിക്കുന്നുവെന്ന് റോബർട്ട് വദ്ര പറഞ്ഞതിനു പിന്നാലെയാണ് നോട്ടീസ് ലഭിക്കുന്നത്.

Content Highlights: ed questions robert vadra in money laundering case