ഐസിഐസിഐ കേസ്: ചന്ദ കൊച്ചാര്‍ അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; രേഖകൾ 5 പെട്ടി നിറയെ
മുംബൈ: വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പ അനുവദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബാങ്കിന്റെ മുന്‍ സി.ഇ.ഒ. ചന്ദാ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കുറ്റപത്രത്തിനൊപ്പം അഞ്ച് പെട്ടി നിറയെ രേഖകളും സമര്‍പ്പിച്ചിട്ടുള്ളതായും ഇത് പരിശോധിക്കുന്നതിനായി കേസ് മാറ്റിവെക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഇനി നവംബര്‍ 11ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
2010ല്‍ ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് വായ്പ അനുവദിച്ചതിനു പിന്നാലെ വീഡിയോകോണ്‍ ഗ്രൂപ്പില്‍നിന്ന് 64 കോടി രൂപയും മാറ്റിക്സ് ഫെര്ട്ടിലൈസേഴ്സില്നിന്ന് 325 കോടി രൂപയും നൂപവര്‍ റിന്യൂവബിള്‍സ് സ്വീകരിച്ചതായാണ് ഇ.ഡി.യുടെ ആരോപണം. ചന്ദാ കൊച്ചാര്‍ സി.ഇ.ഒ. ആയിരിക്കേ നല്കിയ ഈ വായ്പകള്‍ക്ക് ഭര്‍ത്താവിന്റെ സ്ഥാപനത്തിലൂടെ പ്രതിഫലം കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. മുമ്പ് ചോദ്യംചെയ്യലില്‍ ഇരുവരും ആരോപണം നിഷേധിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് 2019 ജനുവരി 22-ന് സി.ബി.ഐ. എടുത്ത കേസില്‍ ചന്ദാ കൊച്ചാര്‍, ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് ഉടമ വേണുഗോപാല്‍ ധൂത്, അദ്ദേഹത്തിന്റെ കമ്പനികളായ വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സുപ്രീം എനര്‍ജി, ദീപക് കൊച്ചാറിന്റെ കമ്പനിയായ നൂപവര്‍ റിന്യൂവബിള്‍സ് എന്നിവയെ പ്രതിചേര്‍ത്തിട്ടുണ്ട്.
തുടര്‍ന്ന് ജനുവരി 31-നാണ് ഇ.ഡി. ഇതില്‍ കേസെടുത്തത്. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി വീഡിയോകോണ്‍ ഗ്രൂപ്പിന് 1875 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചിട്ടുള്ളത്. 2012-ല്‍ ഈ വായ്പകള്‍ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചതോടെ ബാങ്കിന് 1730 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കുന്നു.
Content Highlights: ED chargesheets Chanda Kochhar and others
Content Highlights: