കാവടിയാത്ര: തീർഥാടകരുടെ പവിത്രത സംരക്ഷിക്കണം, കടയുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ട് യോഗി

ലഖ്നൗ: ശ്രാവണമാസത്തിലെ കാവടി തീർഥയാത്ര കടന്നുപോകുന്ന വഴികളിലുള്ള ഭക്ഷണശാലകളിൽ കടയുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീർഥാടകരുടെ പവിത്രത സംരക്ഷിക്കാനാണ് നടപടിയെന്നാണ് വിഷയത്തിൽ മുഖ്യമന്ത്രി നൽകുന്ന വിശദീകരണം.
മുസാഫർനഗർ പോലീസ് ഈ നിർദേശം വ്യാഴാഴ്ച മുന്നോട്ടുവെച്ചെങ്കിലും പിന്നീട് വിമർശനങ്ങൾ ഉയർന്നതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിതന്നെ നേരിട്ട് വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. ഹിന്ദു പേരുകളിൽ മുസ്ലിങ്ങൾ ഹോട്ടലുകൾ ആരംഭിച്ച് തീർഥാടകർക്ക് മാംസാഹാരം വിളമ്പുന്നുവെന്ന് യു.പി മന്ത്രി കപിൽ ദേവ് അഗർവാൾ നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം, ഭക്ഷണശാലകളിൽ കടയുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് പോലീസിന്റെ നിർദേശം തള്ളി എൻ.ഡി.എ. ഘടകകക്ഷിയായ ജെ.ഡി.യു വ്യാഴാഴ്ച രംഗത്തെത്തിയിരുന്നു. വർഗീയസംഘർഷത്തിന് കാരണമാകുന്ന ഉത്തരവാണിതെന്ന് ജെ.ഡി.യു. നേതാവ് കെ.സി. ത്യാഗി പറഞ്ഞു. ജാതി, മതാടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‌ലിങ്ങൾക്കെതിരായ സാമ്പത്തിക ബഹിഷ്കരണത്തെ സാമാന്യവത്കരിക്കുന്ന ഉത്തരവാണ് യു.പി. പോലീസിന്റേതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. പോലീസിന്റെ ഉത്തരവ് സാമൂഹിക കുറ്റകൃത്യമാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പ്രതികരിച്ചു. ഉത്തരേന്ത്യയിൽ ശ്രാവണമാസത്തിൽ ഹരിദ്വാറിലും ഋഷികേശിലും മറ്റും കാൽനടയായെത്തി ഗംഗാജലം ശേഖരിച്ച് മടങ്ങുന്ന തീർഥയാത്രയാണ് കാവടിയാത്ര.
Content Highlights: Eateries on Kanwar routes across UP must display owners' names, Chief Minister