'ആ ദിവസം ഒരിക്കലും മറക്കില്ല'; സ്കൂളിൽനിന്ന് ലഭിച്ച ശിക്ഷയേക്കുറിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

CJI DY Chandrachud | Photo: PTI
CJI DY Chandrachud | Photo: PTI

കാഠ്മണ്ഡു: മുതിര്‍ന്നവര്‍ കുട്ടികളെ കൈകാര്യംചെയ്യുന്ന രീതി ജീവിതകാലം മുഴുവന്‍ അവരുടെ മനസ്സില്‍ ആഴത്തിലുള്ള സ്വാധീനമുണ്ടാക്കുമെന്ന്‌ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് അധ്യാപകരിൽ നിന്നേൽക്കേണ്ടിവന്ന ശിക്ഷകൾ ഇപ്പോൾ ജോലിചെയ്യുമ്പോഴും തന്നോടോപ്പമുണ്ടെന്ന്  ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

കുട്ടികളെ നിങ്ങൾ എങ്ങനെ പരിഗണിച്ചു എന്നത് കുട്ടികളുടെ മനസ്സിൽ അവരുടെ ജീവതകാലം മുഴവനുണ്ടാകും. ഞാൻ അനുസരണയില്ലാത്ത കുട്ടിയായിരുന്നില്ല. ക്ലാസിലെ ക്രാഫ്റ്റ് വർക്കിന് ആവശ്യമായ കൃത്യമായ സൂചി കൊണ്ടുവരാത്തതായിരുന്നു എന്‍റെ കയ്യിൽ വടികൊണ്ട് അടിക്കാനുള്ള കാരണം. എന്നെ കയ്യിലടിക്കാതെ പിന്നിലടിച്ചോളൂ എന്ന് ഞാൻ അപേക്ഷിക്കുന്നത് ഇന്നും വ്യക്തമായി എൻ്റെ ഓർമ്മയിലുണ്ട്. രക്ഷിതാക്കളോട് ഇതു പറയാൻ നാണക്കേടായിരുന്നെന്നും അടുത്ത ദിവസങ്ങളിൽ അടിക്കിട്ടിയതിൻ്റെ വേദനയും പാടും മറച്ചുവെച്ച് കഴിയുകയായിരുന്നെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.നേപ്പാൾ സുപ്രീം കോടതിയിൽ നടന്ന ജുവനൈൽ ജസ്റ്റിസ് ദേശിയ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ഇന്ത്യയിലെ ജുവനൈൽ നിയമങ്ങളുടെ പരിമിതികളേപ്പറ്റിയും ചീഫ് ജസ്റ്റിസ് പരാമർശിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വിഭവശേഷിയുടെ കുറവും  ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രാമ പ്രദേശങ്ങളെയാണ്. കൃത്യമായ പരിചരണം കുട്ടികള്‍ക്ക് കിട്ടാതെ പോകുന്നതിന് ഇതിടയാക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.  പ്രായപൂർത്തിയാകാത്ത കുട്ടികൾ നടത്തുന്ന അക്രമങ്ങളൾക്കാണ് ജുവനൈൽ നിയമങ്ങളിൽ വരേണ്ട പരിഷ്കരണങ്ങളേക്കാൾ ശ്രദ്ധ കിട്ടുന്നതെന്നും ചന്ദ്രചൂഢ് പറഞ്ഞു.

പീഡനത്തിനിരയായി ഗർഭിണിയായ സന്ദർഭത്തിൽ ഗർഭച്ഛിദ്രം ആവശ്യപ്പെട്ടുകൊണ്ട് 14 വയസ്സുകാരി സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ചതെങ്ങനെയെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രത്യാഘാതങ്ങൾ ഭയന്ന് കുട്ടി പീഡനത്തിരയായ വിവരം പുറത്തു പറഞ്ഞില്ല. ഗർഭിണിയാണെന്ന് അറിയുന്നതുവരെ കുട്ടി സഹിച്ച് ജീവിച്ചു. കുട്ടിയുടെ മാനസിക-ശാരീരിക ആരോഗ്യം പരിഗണിച്ച് കോടതി ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ കാര്യവും അദ്ദേഹം തന്‍റെ പ്രസംഗത്തിൽ പരാമർശിച്ചു.

Content Highlights: Was too ashamed: CJI DY Chandrachud recalls facing corporal punishment in school