മയക്കുമരുന്ന് കേസിൽ ലുക്ക് ഔട്ട് നോട്ടീസുള്ള പ്രതി നാല് വർഷത്തിനുശേഷം പിടിയിൽ

കോഴിക്കോട്: മയക്കുമരുന്ന് കേസിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. തിരുവണ്ണൂർ കോട്ടൺമിൽ സ്വദേശി കോഴിപ്പുറം പറമ്പ് നാസ് വീട്ടിൽ മുഹമ്മദ് നജിയെ (27) ആണ് വിദേശത്തുനിന്നും വരുന്നതിനിടെ ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽവെച്ച് കസബ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2022 ഓഗസ്റ്റിൽ, കാക്കഞ്ചേരി പള്ളിക്കൽ ബസാർ സ്വദേശിയായ ഷക്കീൽ ഹർഷാദിനെ ലഹരിക്കേസിൽ പിടികൂടിയപ്പോഴാണ് നജിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ആദ്യം ലഭിച്ചത്. വിൽപനക്കായി സൂക്ഷിച്ച എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ എന്നിവയുമായി കസബ പോലീസായിരുന്നു ഹർഷാദിനെ പിടികൂടിയത്. മുതലക്കുളത്തുവെച്ചും ഇയാളുടെ മലപ്പുറത്തുള്ള വാടക വീട്ടിൽ നിന്നുമായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.
തുടർന്ന്, ഹർഷാദിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് വിദേശത്തുള്ള മുഹമ്മദ് നജി മുഖേനയാണ് മയക്കുമരുന്ന് ലഭിക്കുന്നത് എന്ന വിവരം കസബ പോലീസിന് ലഭിച്ചത്. നജിയുടെ നിർദേശപ്രകാരമായിരുന്നു ഹർഷാദിന്റെ മയക്കുമരുന്ന് കച്ചവടം. തുടർന്നാണ് ഈ സമയം വിദേശത്തായിരുന്ന മുഹമ്മദ് നജിക്കെതിരെ കസബ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
എന്നാൽ, കേസിൽ ഉൾപ്പെട്ടു എന്ന് മനസ്സിലാക്കിയ നജി, നാട്ടിൽ വരാതെ വിദേശത്ത് തുടർന്നു. നാല് വർഷങ്ങൾക്ക് ശേഷം, ഹൈദരാബാദ് രാജീവ് ഗാന്ധി വിമാന്ൃത്താവളത്തിൽ കഴിഞ്ഞ ദിവസം വന്നിറങ്ങിയപ്പോഴാണ് ഇയാളെ കസബ പോലീസ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് ഉപയോഗിച്ചതിന് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും വിൽപ്പനക്കായി എംഡിഎംഎ കൈവശം വെച്ചതിന് കസബ പോലീസ് സ്റ്റേഷനിലും നജിക്കെതിരെ കേസ് നിലവിലുണ്ട്. ഈ കേസുകളിൽ വിചാരണ തടവുകാരനായിരിക്കെ ജാമ്യം ലഭിച്ചശേഷം കോടതിയുടെ അനുമതിയോടെ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു.
തുടർന്ന്, വിദേശത്തു നിന്നുകൊണ്ടുതന്നെ നാട്ടിൽ മയക്കുമരുന്ന് ഇടപാടിൽ സജീവമായി പ്രവർത്തിച്ചു. ഈ കേസുകളിലെ ഒന്നാം പ്രതിയായ ഷക്കീൽ ഹർഷാദിനെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ഇയാളെ 50 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
Content Highlights: Kasaba police arrested 27-year-old Muhammed Naji at Rajiv Gandhi International Airport in Hyderabad after four years on a lookout notice for running an overseas MDMA and LSD smuggling network to Kozhikode.