മഞ്ഞുമൂടി ഗുല്‍മാര്‍ഗ്; മനസ്സു നിറഞ്ഞ് കശ്മീരിലെത്തിയ വിനോദസഞ്ചാരികള്‍

ഗുല്‍മാര്‍ഗിലെ മഞ്ഞില്‍ ആസ്വാദിക്കുന്ന വിനോദ സഞ്ചാരി |ഫോട്ടോ:ANI
ഗുല്‍മാര്‍ഗിലെ മഞ്ഞില്‍ ആസ്വാദിക്കുന്ന വിനോദ സഞ്ചാരി |ഫോട്ടോ:ANI

ശ്രീനഗര്‍: മഴയും മഞ്ഞുമില്ലാതെ കാശ്മീരിലെ ശൈത്യകാലം കടന്നുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുകതന്നെ വയ്യ. സാധാരണയായി നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കാശ്മീരില്‍ താപനില നന്നേ കുറഞ്ഞ് മഞ്ഞുവീഴ്ച അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഈ വര്‍ഷം ജനുവരി അവസാനമായിട്ടും കാര്യമായ മഞ്ഞുവീഴ്ച തുടങ്ങിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ന്യുസിലന്‍ഡ്, കാനഡ, റഷ്യ തുടങ്ങിയ അതിശൈത്യ രാജ്യങ്ങളിലേക്ക് പോകാനിരുന്ന സഞ്ചാരികളുടെപോലും കണ്ണിനെയും മനസ്സിനെയും ഒരുപോലെ കുളിരണിയിക്കുകയാണ് കാശ്മീര്‍.

ഏതാനും മാസങ്ങളായി അനുഭവപ്പെട്ടിരുന്ന വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, വെള്ളപുതച്ച  കാശ്മീരിലെ ഗുല്‍മാര്‍ഗിന്റെ ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ ആകാശ ദൃശ്യങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു.

ഏറ്റവും ഉയരം കൂടിയ കേബിള്‍ കാറും സ്‌കീയിങ്ങും ആണ് ഗുല്‍മാര്‍ഗിന്റെ പ്രത്യേകത. ലോകമെമ്പാടുമുള്ള സ്‌കീയിങ് ആരാധകരുടെ പ്രധാനപ്പെട്ട സ്‌കീയിങ് സ്പോട്ട് ആണ് ഗുല്‍മര്‍ഗ്. കടുത്ത മഞ്ഞുവീഴ്ചയുള്ളപ്പോള്‍ പോലും വസഞ്ചാരികള്‍  ഇവിടേയ്ക്ക് ഒഴുകിയെത്തുന്നു.

 മഞ്ഞിനാല്‍ തീര്‍ത്ത വെള്ളപ്പരവതാനിയാല്‍ മൂടപ്പെട്ട കുന്നുകളുടെയും താഴ്വരകളുടെയും അഭൂതപൂര്‍വമായ ദൃശ്യവിരുന്ന് മറ്റൊന്നിനോടും കിടപിടിയ്ക്കാനാവാത്തതാണ്. വിനോദസഞ്ചാര മേഖലയ്ക്കും ഒപ്പം ഇന്ത്യയില്‍ സ്‌കീയിങ് എന്ന കായിക ഇനത്തിനും വലിയ സാധ്യതകള്‍ തുറന്നിടുകയാണ് ഈ സീസണോടെ കാശ്മീര്‍.

Content Highlights: Drone footage of Jammu-Kashmir's Gulmarg covered in thick blanket of snow