മിസൈലുകൾ ഇനി സ്വകാര്യ മേഖല നിർമിക്കും; നിർണായക പ്രഖ്യാപനം, ടെക്‌നോളജി കൈമാറും

ന്യൂഡൽഹി: ഡിആർഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതിക വിദ്യകൾ സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. പ്രതിരോധ നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിർണായക തീരുമാനം. ഡിആർഡിഒ വികസിപ്പിച്ചെടുത്ത എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകൾ രാജ്യത്തെ സ്വകാര്യ-പൊതുമേഖല പ്രതിരോധ വ്യവസായങ്ങൾക്ക് ഉൽപ്പാദനത്തിനായി കൈമാറാനാണ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ആവശ്യമായ യോഗ്യതകൾക്കും സർട്ടിഫിക്കേഷനുകൾക്കും നിയന്ത്രണ മാനദണ്ഡങ്ങൾക്കും വിധേയമായി ഇന്ത്യൻ കമ്പനികൾക്ക് ഇനി ഇത്തരം മിസൈൽ സംവിധാനങ്ങൾ രാജ്യത്തിനകത്തുതന്നെ നിർമ്മിക്കാൻ ചരിത്രപരമായ ഈ തീരുമാനം വഴിയൊരുക്കും.
മിസൈൽ സംവിധാനങ്ങളെ വൻതോതിലുള്ള വ്യവസായ ഉത്പാദനത്തിലേക്ക് മാറ്റുക എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രതിരോധ വ്യവസായ മേഖലയിൽ തദ്ദേശീയ കമ്പനികൾക്ക് കൂടുതൽ പങ്കാളിത്തം നൽകാൻ ഇത് സഹായിക്കും. പ്രത്യേകിച്ച്, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും മറ്റ് സാങ്കേതിക പങ്കാളികൾക്കും ഈ വിതരണ ശൃംഖലയുടെ ഭാഗമാകാൻ ഇതിലൂടെ വലിയ അവസരങ്ങൾ ലഭിക്കും.
പ്രതിരോധ മേഖലയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും മിസൈൽ ഉൽപ്പാദനത്തിൽ തദ്ദേശീയ വിഭവങ്ങളുടെ പങ്കാളിത്തവും ആഭ്യന്തര മൂല്യവും വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും.
മിസൈൽ ഉൽപ്പാദനത്തിനായുള്ള ആഭ്യന്തര ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ പ്രതിരോധ വ്യവസായ അടിത്തറയെ കൂടുതൽ കരുത്തുറ്റതാക്കാനും ഇതിലൂടെ സാധിക്കും. അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ വ്യവസായ ശേഷികളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള സർക്കാരിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ‘എക്‌സ്’ പോസ്റ്റിൽ വിശദീകരിക്കുന്നു.
Content Highlights: DRDO will transfer conventional missile technology to private and public sectors., Aimed at achieving self-reliance and boosting domestic defense manufacturing., Indian companies can now manufacture missile systems domestically meeting standards., Reduces import dependency and opens opportunities for MSMEs.