ഇന്ത്യയിലാണ് ജീവിച്ചിരുന്നതെങ്കില്‍ നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നില്ല-അഭിജിത് ബാനര്‍ജി

ജയ്പുര്‍: ഇന്ത്യയിലാണ് ജീവിച്ചിരുന്നതെങ്കില്‍ നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നില്ലെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി. ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അധ്യാപകനാണ് അഭിജിത് ബാനര്‍ജി.
ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്ക് നേടാവുന്നതല്ല നൊബേല്‍ പോലുള്ള അംഗീകാരം. ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ വിദ്യാര്‍ഥികളുള്ള എംഐടിയില്‍ പ്രവര്‍ത്തിക്കുന്നത് നേട്ടത്തിന് സഹായകമായി. വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് തന്റെ അംഗീകാരത്തിന് കാരണക്കാരെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. പ്രാഗല്‍ഭ്യമുള്ളവര്‍ കുറവായതിനാലല്ല മറിച്ച് നേട്ടങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള കൂട്ടായ്മയുടെ അഭാവമാണ് നൊബേല്‍ പോലെയുള്ള അംഗീകാരങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് ലഭിക്കാത്തതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏകാധിപത്യഭരണവും സാമ്പത്തികപുരോഗതിയും തമ്മില്‍ ബന്ധമില്ലെന്നും മുപ്പത് കൊല്ലത്തിനിടെ ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടായതായും അഭിജിത് ബാനര്‍ജി പറഞ്ഞു. രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന തകര്‍ച്ചയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയ്ക്ക് കൂടുതല്‍ മികച്ച, കൃത്യമായി വിമര്‍ശനങ്ങളുന്നയിക്കുന്ന ഒരു പ്രതിപക്ഷം ആവശ്യമാണെന്നും പ്രതിപക്ഷവിമര്‍ശനങ്ങളെ ഭരണപക്ഷം സ്വാഗതം ചെയ്യേണ്ടത് ആരോഗ്യപരമായ ജനാധിപത്യവ്യവസ്ഥയ്ക്ക് അത്യാവശ്യമാണെന്നും അഭിജിത് പറഞ്ഞു.
ഭാര്യ എസ്തര്‍ ഡുഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് 2019 ലെ സാമ്പത്തിക ശാസ്ത്രനൊബേല്‍ അഭിജിത് ബാനര്‍ജി കരസ്ഥമാക്കിയത്. 1961 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അദ്ദേഹം 1983 ല്‍ ജെഎന്‍യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി.
Content Highlights: Don't Think I Would Have Won Nobel Prize if I Were in India,Says Abhijit Banerjee
Content Highlights: